ടീസർ റിലീസിന് പിന്നാലെ ട്രോളുകളിൽ മുങ്ങി പ്രഭാസ് നായകനായി എത്തുന്ന ചിത്രം ‘ആദിപുരുഷ്’. കഴിഞ്ഞദിവസമാണ് ടി സീരീസിന്റെ യു ട്യൂബ് ചാനലിൽ ആദിപുരുഷ് ടീസർ റിലീസ് ചെയ്തത്. എന്നാൽ, ടീസർ കണ്ട പ്രേക്ഷകർ ഒരേ സ്വരത്തിൽ ചോദിച്ചത് ഇത് കുട്ടികൾക്കു വേണ്ടിയുള്ള സിനിമയാണോ എന്നാണ്. കുട്ടികൾക്കു വേണ്ടി ഒരു സിനിമയിൽ അഭിനയിക്കാൻ മനസു കാണിച്ച പ്രഭാസിനെ അഭിനന്ദിക്കാനും ചിലർ മറന്നില്ല.
500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സ് നിലവാരം ഇല്ലാത്തതാണെന്നാണ് പ്രധാന വിമർശനം. കൊച്ചു ടിവിയിൽ റിലീസ് ചെയ്താൽ പണം ഉണ്ടാക്കാമെന്നും കുട്ടികൾക്കു വേണ്ടിയാണോ ഈ സിനിമ ഉണ്ടാക്കിയതെന്നും ഉൾപ്പെടെ കണക്കറ്റ പരിഹാസങ്ങളാണ് ടീസർ റിലീസ് ചെയ്തതിനു പിന്നാലെ ചിത്രത്തിന് ലഭിച്ചത്. അയോധ്യയിൽ സരയൂ തീരത്ത് ഗംഭീര പരിപാടിയായാണ് ടീസർ ലോഞ്ച് അണിയറപ്രവർത്തകർ നടത്തിയത്.
‘കുട്ടികൾക്കു വേണ്ടി മാത്രമായി ഒരു സിനിമ ചെയ്യാൻ തയ്യാറായ പ്രഭാസിനോട് വലിയ ബഹുമാനം’, ‘പോഗോ ചാനലിനാണോ റൈറ്റ്സ് കൊടുത്തിരിക്കുന്നത്’, ‘ഈ ടീസർ കണ്ടതിനു ശേഷം ശക്തിമാനോടുള്ള ബഹുമാനം കോടിക്കണക്കിന് മടങ്ങ് വർദ്ധിച്ചു’, ‘500 കോടിക്ക് കാർട്ടൂൺ വി എഫ് എക്സ്’ ചെയ്തു വെച്ചിരിക്കുന്നോ’, ‘പോഗോ രാമായണം വലിയ സ്ക്രീനിലേക്ക് ഭയമില്ലാതെ എത്തിക്കുന്ന പ്രഭാസിനും ഓം റൗത്തിനും വലിയ ബഹുമാനം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.