നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷൻ കിംഗ് ബാബു ആന്റണി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർസ്റ്റാർ’ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ തിരിച്ചു വരവ്. ചിത്രത്തിന്റെ പ്രമോഷണൽ ട്രയിലർ കഴിഞ്ഞദിവസം റിലീസ് ചെയ്തു. 123 മ്യൂസിക്സ് യുട്യൂബ് ചാനലിലാണ് ട്രയിലർ റിലീസ് ചെയ്തത്. എന്നാൽ പ്രമോഷണൽ ട്രയിലർ റിലീസ് ചെയ്തതിനു പിന്നാലെ ഒമർ ലുലുവിന് ട്രോൾ മഴയാണ്.
‘ഇയാൾടെ മെയിൻ ഹോബി വീട്ടിൽ വെറുതെ ഇരിക്കുന്നവരെ വിളിച്ചോണ്ട് വന്ന് ഫീൽഡ് ഔട്ട് ആക്കിവിടും’, ‘ബാബു ആന്റണി മൊബൈൽ ഫോൺ ഓൺ ചെയ്തു വെച്ചിട്ട് ചുമ്മാ നിന്ന് ഒരു വീഡിയോ എടുത്ത് യുട്യൂബിൽ ഇട്ടിരുന്നേൽ ഇതിലും എഫക്ടീവ് ആയേനെ’, ‘ട്രയിലർ നിരാശപ്പെടുത്തി, ബി ജി എം ബോർ ആയി’. ‘ബി ജി എം ആണെന്നും പറഞ്ഞ് മാപ്പിളപ്പാട്ട് ഉണ്ടാക്കി വെച്ചേക്കുന്നു’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ട്രയിലർ പ്രതീക്ഷിച്ചതു പോലെ എത്തിയില്ലെന്നും പടം നന്നായാൽ മതിയെന്നുമാണ് ചില കമന്റുകൾ. തരുന്നത് നല്ല ക്വാളിറ്റി ഐറ്റം ആണെങ്കിൽ ബാക്കി ഞങ്ങൾ നോക്കിക്കോളാം എന്നും ഒരു പ്രേക്ഷകൻ കമന്റ് ചെയ്തു.
ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. സിനു സിദ്ധാർത്ഥ് ആണ് ക്യാമറമാൻ. ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാൻ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷമാണ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.