ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയാണ് വേഫറര്‍ ഫിലിംസ്. അഞ്ച് ചിത്രങ്ങളാണ് വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ഇതുവരെ പുറത്തിറങ്ങിയത്. ഇപ്പോഴിതാ സിനിമയ്ക്കായി വായ്പയെടുത്ത് പണം മുടക്കിയാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്മാന്. വേഫറര്‍ കമ്പനിയെ എത്രയും വേഗം സ്വന്തം കാലില്‍ നില്ക്കാന് കെല്പുള്ള കമ്പനിയാക്കണം. വേഫറര്‍ വ്യക്തിപരമായ ആവശ്യങ്ങള്ക്കുണ്ടാക്കിയതല്ലെന്നും കൂടുതല്‍ സിനിമ വേഫററിന്റെ ബാനറില്‍ നിര്‍മിക്കണമെന്നും ദുല്‍ഖര്‍ പറഞ്ഞു.
സിനിമയില്‍ നിന്ന് ലഭിക്കുന്നത് പരമാവധി മറ്റൊരു സിനിമയിലേക്ക് നിക്ഷേപിക്കാന്‍ കഴിയണം. തന്റേതുമാത്രമല്ലാത്ത സിനിമകളും നിര്‍മിക്കണം. ചെറിയ സിനിമകളാണെങ്കിലും അത് പരമാവധി വിജയിപ്പിക്കാന്‍ കഴിയണം. അതുപോലെയുള്ള സിനിമകള്‍ക്കായി ആളുകള്‍ വേഫററിനെ സമീപിക്കണമെന്ന് ആഗ്രഹമുണ്ട്. തനിക്ക് വര്‍ഷം അഞ്ചോ ആറോ ചിത്രങ്ങളാണ് ചെയ്യാന്‍ സാധിക്കുന്നത്. അതില്‍ കൂടുതല്‍ ചെയ്യണമെന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
താന്‍ സിനിമയില്‍ വന്ന കാലത്ത് ഏറെ അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. സിനിമയിലേക്കെത്തുന്ന എല്ലാ പുതുമുഖങ്ങള്‍ക്കും അത് ലഭിക്കണമെന്നില്ല. കാമ്പുണ്ടായിട്ടും ഒരു എന്‍ട്രി കിട്ടാത്ത താരങ്ങളും സിനിമകളും ഉണ്ട്. അവര്‍ക്ക് അവസരങ്ങള്‍ ഒരുക്കാന്‍ വേഫറര്‍ ഫിലിംസ് ശ്രമിക്കുമെന്നും ദുല്‍ഖര്‍ സല്മാന് കൂട്ടിച്ചേര്‍ത്തു.