ചിരിയും കുസൃതികളും നിറഞ്ഞൊരു വർഷത്തിന്റെ തുടക്കത്തിൽ നല്ല വാർത്തകൾ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീയറ്ററുകളും മറ്റും തുറന്ന് പ്രേക്ഷകർ പഴയ ആവേശത്തിലേക്ക് തിരികെ എത്തുന്ന വേളയിൽ ഈ വർഷം കൂടുതൽ സന്തോഷ നിമിഷങ്ങളുടേതാക്കുവാൻ സുനാമിയും എത്തുകയാണ്. സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ‘സുനാമി’ ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ രസകരമായ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്. മാർച്ച് 11നാണ് സുനാമി തീയറ്ററുകളിൽ എത്തുന്നത്.