തന്റെ നാലാമത്തെ ചിത്രം സംവിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എമ്പുരാൻ – L2 വിന് ശേഷമായിരിക്കും ‘ടൈസൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുക. ഇത്തവണയും മുരളി ഗോപിക്ക് ഒപ്പമാണ് പൃഥ്വിരാജ് കഥയൊരുക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ഇത്തവണ കുറച്ച് വലിയ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്നും വ്യക്തമാക്കുന്നു പൃഥ്വിരാജ്. കെ ജി എഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രമെത്തും.
അതേസമയം ചിത്രത്തിൽ താരങ്ങൾ ആരൊക്കെ ആയിരിക്കും എന്നത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും പുറത്തു വന്നിട്ടില്ല. നിലവിൽ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. ആടുജീവിതം പൂർത്തിയാക്കി കഴിഞ്ഞാൽ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.
കെ ജി എഫ് 2 കേരളത്തിൽ വിതരണത്തിന് എടുത്തത് പൃഥ്വിരാജ് ആയിരുന്നു. കേരളത്തിൽ നിന്ന് ഒരു പാൻ ഇന്ത്യ ചിത്രം കൂടി ആയിരിക്കും ടൈസൺ എന്ന സൂചനയാണ് ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുന്നത്.