നടൻ ബിജു മേനോന് ഒപ്പം പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവർ പ്രധാന അഭിനേതാക്കളായി എത്തുന്ന ചിത്രമാണ് ‘ഒരു തെക്കൻ തല്ലു കേസ്’. ഓണം റിലീസ് ആയിട്ടായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക. ചിത്രം തിയറ്ററുകളിൽ എത്തുന്നതിനു മുമ്പേ ‘ഒരു തെക്കൻ തല്ലു കേസി’ന്റെ സുവർണ ജൂബിലി വാർത്തയാണ് എത്തുന്നത്. ഓണസദ്യയും കഴിച്ച് ആ ഓർമകൾ ഓർത്തെടുക്കുകയാണ് അന്നത്തെ കാലത്തെ നേതാക്കൾ. നടൻ മോഹൻലാലും അദ്ദേഹത്തിന്റെ സഹോദരൻ പ്യാരിലാലും രാഷ്ട്രീയസംഘടനയുടെ ഒന്നും ഭാഗമല്ലായിരുന്നെങ്കിലും അന്നത്തെ സംഘർഷത്തിന്റെ ഭാഗമായിരുന്നെന്ന് യു ഡി എഫ് കൺവീനർ ഹസൻ ഓർത്തെടുത്തു. 1972 സെപ്റ്റംബർ ഒന്നിനാണ് തിരുവനന്തപുരം മോഡൽ സ്കൂളിലെ കെ എസ് യു രൂപീകരണവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായത്. അന്നത്തെ സംഘർഷത്തിലെ കഥാപാത്രങ്ങളായിരുന്ന എം എം ഹസൻ, ചെറിയാൻ ഫിലിപ്പ്, വി പ്രതാപചന്ദ്രൻ, ബി എസ് ബാലചന്ദ്രൻ, പി കെ വേണുഗോപാൽ തുടങ്ങിയ രാഷ്ട്രീയനേതാക്കളാണ് സംഗമത്തിനെത്തിയത്. ഹൈസ്കൂൾ കാലഘട്ടത്തിൽ നടന്ന കൂട്ടത്തല്ലിന്റെ അമ്പതാം വാർഷികം പാട്ടും ഓണസദ്യയുമായാണ് ആഘോഷിച്ചത്.
ആ സമയത്ത് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു എം എം ഹസൻ. കെ എസ് യു നേതാക്കൾക്ക് ഒപ്പം പ്രസംഗിക്കാൻ എത്തിയപ്പോൾ ഇടതു സംഘടനയിലെ വിദ്യാർത്ഥികൾ കൂകി വിളിക്കുകയായിരുന്നു. യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതോടെ സംഘർഷമാകുകയായിരുന്നു. തുടർന്ന് കല്ലേറായി. കല്ലേറിൽ ഹസന്റെ തല പൊട്ടി. കെ എസ് യു നേതാവ് ശിവജിയുടെ പേനക്കത്തിയുടെ കുത്തേറ്റ് ഇടത് നേതാവ് തൈക്കാട് ജയന് മുറിവേറ്റു. പിന്നെ കൂട്ടത്തല്ലായി. രാഷ്ട്രീയസംഘടനയുടെ ഭാഗമല്ലായിരുന്നെങ്കിലും ഇന്നത്തെ സൂപ്പർതാരം മോഹൻലാലും അദ്ദേഹത്തിന്റെ സഹോദരൻ പ്യാരിലാലും സംഘർഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്ന് ഹസൻ പറഞ്ഞു. കേസും മറ്റും അതിന്റെ വഴിക്ക് നടന്നു. ഇത്തരമൊരു സംഗമത്തെക്കുറിച്ചുള്ള ആശയം അമ്പതുവർഷത്തിനു ശേഷം മുന്നോട്ടു വെച്ചത് ബി എസ് ബാലചന്ദ്രനും ശിവജിയും ആയിരുന്നു. അന്നത്തെ പേനാക്കത്തി കുത്തിനെക്കുറിച്ച് ശിവജിയാണ് പങ്കുവെച്ചത്. പിന്നീട് രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച തൈക്കാട് ജയനും സംഗമത്തിനെത്തിയിരുന്നു. അന്നത്തെ കേസിലെ വാദികളും പ്രതികളും ഇന്ന് വ്യത്യസ്തനിലയിൽ പ്രവർത്തിക്കുന്നവരാണ്. ഓണസദ്യയും കഴിച്ചാണ് ഏതായാലും അമ്പതുവർഷം മുമ്പ് നടന്ന തെക്കൻ തല്ലു കേസിലെ പ്രതികളും വാദികളും പിരിഞ്ഞത്.
അതേസമയം, ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ‘ഒരു തെക്കൻ തല്ലുകേസ്’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ചിത്രത്തിൽ പത്മപ്രിയ ആണ് നായികയായി എത്തുന്നത്. ഇ ഫോർ എന്റര്ടെയ്ന്മെന്റിന്റെ ബാനറിൽ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം – മധു നീലകണ്ഠൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – റോഷന് ചിറ്റൂര്‍. ലൈന്‍ പ്രൊഡ്യൂസർ – ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. പ്രൊഡക്ഷൻ കൺട്രോളർ – ഷാഫി ചെമ്മാട്, കല – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റിൽസ് – അനീഷ് അലോഷ്യസ്, എഡിറ്റർ – മനോജ് കണ്ണോത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ. പി ആർ ഒ – എ എസ് ദിനേശ്. ഓണം റിലീസ് ആയിട്ടായിരിക്കും തെക്കൻ തല്ല് കേസ് തിയറ്ററുകളിൽ എത്തുക.