തമിഴ് സിനിമാ രംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിച്ച താരമാണ് ഉദയനിധി സ്റ്റാലിന്. ഇതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് മുഖ്യമന്ത്രിയായ അച്ഛന് എം.കെ സ്റ്റാലിന്റെ സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. യുവജനക്ഷേമവും സ്പോര്‍ട്സുമാണ് ഉദയനിധിയുടെ വകുപ്പുകള്‍. ഇപ്പോഴിതാ കുടുംബവുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് താരം.
മകന് ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതുമായി ബന്ധപ്പെട്ടായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ഇത്തരം ദൃശ്യങ്ങള്‍ പരക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ മകന് 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. അത് മകന്റെ വ്യക്തിപരമായ കാര്യമാണ്. ഒരു പരിധിക്കപ്പുറം തനിക്ക് മകന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഉദയനിധി പ്രതികരിച്ചു.
മന്ത്രിയാകും വരെ സജീവമായി സിനിമ രംഗത്ത് ഉണ്ടായിരുന്ന വ്യക്തിയാണ് ഉദയനിധി. സിനിമ അഭിനയം പൂര്‍ണ്ണമായും നിര്‍ത്തിയ ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നന്’ തന്റെ അവസാന ചിത്രമായിരിക്കുമെന്ന് ഉദയനിധി പ്രഖ്യാപിച്ചിരുന്നു.