സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ ഏറെ ഇറങ്ങുന്നുണ്ട്. എന്നാൽ അവയെല്ലാം അന്നന്നത്തെ ചർച്ചകളോട് കൂടി ഇല്ലാതാവുകയാണ്. അവിടെയാണ് മമ്മൂട്ടി നായകനായ ‘അങ്കിൾ’ വേറിട്ട് നിൽക്കുന്നത്. ഈ ചിത്രം പറയുന്ന കാര്യങ്ങൾ ഓരോന്നും ഇന്നും നാളെയും എന്നും ചർച്ച ചെയ്യപ്പെടുന്ന ചില വിഷയങ്ങൾ തന്നെയാണ്. ചിത്രത്തിന്റെ പേരും മമ്മൂക്ക എന്ന നടനും ഷട്ടറിന് ശേഷം തിരക്കഥ ഒരുക്കുന്ന ജോയ് മാത്യുവുമെല്ലാമാണ് പ്രേക്ഷകനെ തീയറ്ററുകളിലേക്ക് വലിച്ചടുപ്പിച്ചത്. രഞ്ജിത്ത്, എം പത്മകുമാർ എന്നിവരുടെ സഹായിയായിരുന്ന ഗിരീഷ് ദാമോദരൻ തന്റെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന അനുഭവസമ്പത്തിന്റെ കരുത്തിൽ മമ്മുക്ക എന്ന നടനെ പൂർണമായും പുറത്തുകൊണ്ടുവരുന്നതിൽ നേടിയ വിജയം തന്നെയാണ് അങ്കിളിന് ലഭിക്കുന്ന കൈയ്യടികൾ. ആദ്യ സംവിധാനമെന്ന അങ്കലാപ്പുകളോ അതിന്റെതായ യാതൊരു കുറവുകളോ പ്രേക്ഷകന് സ്ക്രീനിൽ കാണാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് ഈ സംവിധായകന്റെ ഏറ്റവും വലിയ നേട്ടം.
ഊട്ടിയിലെ കോളേജിൽ പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയാണ് ശ്രുതി. നാട്ടിലേക്ക് പോകാൻ ഇറങ്ങിയ ശ്രുതിക്ക് ബസ് സമരം മൂലം ബസ് കിട്ടുന്നില്ല. അപ്പോഴാണ് ശ്രുതിയുടെ അച്ഛന്റെ സുഹൃത്തായ കെ കെ എന്ന കൃഷ്ണകുമാർ ശ്രുതിക്ക് ഒരു ലിഫ്റ്റ് ഓഫർ ചെയ്യുന്നത്. നിഗൂഡമായ സ്വഭാവത്തിന് ഉടമായ കെ കെ സ്ത്രീവിഷയത്തിൽ അത്ര മോശക്കാരൻ ഒന്നുമല്ല. ശ്രുതി കെ കെക്കൊപ്പം നാട്ടിലേക്ക് യാത്ര തുടങ്ങുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ മമ്മൂട്ടി എന്നും മനോഹരമാക്കിയിട്ടുണ്ട്. അതോടൊപ്പം വില്ലത്തരം കൂടി കൂട്ടുകൂടിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത് മമ്മുക്കയുടെ മറ്റൊരു വേറിട്ട കഥാപാത്രമാണ്. കൃഷ്ണകുമാർ എന്ന വേഷം മമ്മുക്കയുടെ കൈകളിൽ സുരക്ഷിതം. ദുൽഖുർ സൽമാൻ നായകനായ CIAയിലെ പ്രകടനത്തിൽ നിന്നും ഏറെ വളർന്നിട്ടുണ്ട് കാർത്തിക മുരളീധരൻ. മുത്തുമണി, ജോയ് മാത്യു എന്നിവരും നല്ലൊരു പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.
സാമൂഹികപ്രതിബദ്ധതയുള്ള ഒരു വിഷയത്തെ അതിന്റെതായ ഗൗരവത്തോടെ മനോഹരമായിട്ടാണ് ചിത്രത്തിലൂടെ തിരക്കഥാകൃത്ത് ജോയ് മാത്യു സമീപിച്ചിരിക്കുന്നത്. പുരുഷൻ, സ്ത്രീ എന്നിങ്ങനെയുള്ള വേർതിരിവുകളേയും സദാചാരത്തിന്റെ മൊത്തവ്യാപാരം ഏറ്റെടുത്തിരിക്കുന്ന മലയാളികളെയും കണക്കിന് വിമർശിക്കുന്നുണ്ട് എഴുത്തുകാരനും എങ്കിലും. ക്ലൈമാക്സ് രംഗങ്ങളിൽ കിട്ടിയ ആ കൈയ്യടികൾ അത്തരം മാന്യന്മാർക്കുള്ള ‘അടി’കളുമാണ്. എന്തായാലും ഷട്ടർ തുറന്ന് ജോയ് മാത്യു ഇറക്കിവിട്ട അങ്കിൾ സുന്ദരനാണ്, മിടുക്കനുമാണ്, കൈയ്യടികൾക്ക് അർഹനുമാണ്. മലയാളസിനിമലോകവും പ്രേക്ഷകരും ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട് ജോയ് മാത്യു എന്ന എഴുത്തുക്കാരനിൽ നിന്നും. ബിജിപാൽ ഒരുക്കിയ സംഗീതം ആണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായി നിലകൊള്ളുന്നു. ഗാനങ്ങൾക്കൊപ്പം തന്നെ പശ്ചാത്തല സംഗീതവും ഗംഭീരമായി. തന്റെ കാമറകണ്ണുകൾ കൊണ്ട് അഴകപ്പൻ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ അഴക് വർധിപ്പിച്ചു. ഷമീർ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗ് പ്രേക്ഷകരുടെ ആസ്വാദനത്തെ ഒട്ടും അലോസരപ്പെടുത്താതെ ചിത്രത്തെ മുന്നോട്ട് നയിച്ചു. നാമെല്ലാവരും പറയാൻ കൊതിച്ച കാര്യങ്ങൾ തന്നെയാണ് അങ്കിളിലൂടെ പറഞ്ഞിരിക്കുന്നത്. ഈ അങ്കിൾ പ്രേക്ഷകനെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ്.