കാലാന്തരങ്ങളായി മനുഷ്യനെ മയക്കുന്നതും ഭരിക്കുന്നതും പണമാണ്. അത് നേടുവാൻ അവൻ ഏതു വഴിയും സ്വീകരിക്കും. അത്തരത്തിലുള്ളൊരു ഗ്യാങ് വാർ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് അരുൺ കുമാർ അരവിന്ദ് ഒരുക്കിയ അണ്ടർ വേൾഡ്. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വൺ ബൈ ടു, കാറ്റ് എന്നിങ്ങനെ എടുത്ത ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് വേറിട്ടതായ അരുൺ കുമാർ അരവിന്ദ് പ്രേക്ഷകരുടെ ആ പ്രതീക്ഷയെ ഒട്ടും നിരാശപ്പെടുത്തിയില്ല എന്നതാണ് സത്യം. മേക്കിങ്ങിലെ ക്വാളിറ്റിയിൽ ഒരു വിട്ടു വീഴ്ചയും വരുത്താതെ പ്രേക്ഷകനെ പിടിച്ചിരുത്തി അമ്പരപ്പിക്കുന്ന സംവിധാന മികവാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്.
ലോകത്തിൽ പണത്തിനേക്കാൾ വലുതായി മറ്റൊന്നിനും വില കൊടുത്തിട്ടില്ലാത്ത ആളാണ് സ്റ്റാലിൻ. മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന ആശയം സ്വന്തമായി നിലനിർത്തുന്ന ഒരുവൻ. അതേ സ്വഭാവം തന്നെയുള്ള മജീദുമായി സ്റ്റാലിൻ പരിചയപ്പെടുകയും ഇരുവരുടെയും ഇടയിൽ വലിയൊരു സൗഹൃദം ഉടലെടുക്കുകയും ചെയ്യുന്നു. അതേ സമയം മറ്റൊരിടത്ത് കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതിന് പദ്മനാഭൻ നായർ അറസ്റ്റ് ചെയ്യപ്പെടുന്നു. പക്ഷേ അയാളുടെ വിശ്വസ്തനായ സോളമൻ ഉള്ളിടത്തോളം പണത്തിന്റെ കാര്യത്തിൽ ഒരു പേടിയുമില്ല. സ്റ്റാലിന്റെയും മജീദിന്റെയും പണത്തിനോടുള്ള ആഗ്രഹങ്ങൾക്ക് മേൽ പദ്മനാഭന്റെയും സോളമന്റെയും ഭീഷണിയുടെ നിഴലുകൾ വീഴുന്നതോട് കൂടിയാണ് കാര്യങ്ങൾ തകിടം മറിയുന്നത്. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ആസിഫ് അലിയുടെ സ്റ്റാലിൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ നെഞ്ചിലേക്ക് ആഴ്ന്നാണിറങ്ങുന്നത്. പ്രേക്ഷകന്റെ മനസ്സ് കീഴടക്കുന്ന ഒരു ആറ്റിട്യൂഡ് സ്റ്റാലിൻ എന്ന കഥാപാത്രം ചിത്രത്തിൽ ഉടനീളം പുലർത്തുന്നുണ്ട്. മജീദായി എത്തുന്ന ഫർഹാൻ ഫാസിലും മികച്ച പ്രകടനത്തിലൂടെ കൈയ്യടികൾ നേടുന്നുണ്ട്. പണത്തിന് അപ്പുറം ഒന്നും കാണില്ലാത്ത നെഗറ്റീവ് ഷെയ്ഡുള്ള പദ്മനാഭനിലൂടെ മുകേഷും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ലാലിന്റെ ചില കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന വില്ലൻ വേഷമായ സോളമനിലൂടെ സ്കോർ ചെയ്യുമ്പോഴും തന്റേതായ ഒരു വ്യക്തിമുദ്ര അതിൽ പതിപ്പിക്കുവാനും ജീൻ പോൾ വിട്ടു പോയിട്ടില്ല. വീണ്ടും വീണ്ടും കാണുവാൻ കൊതിപ്പിക്കുന്ന ഒരു പ്രകടനമാണ് ഏവരും കാഴ്ച്ച വെക്കുന്നത്.
ഗ്യാങ് വാർ, ക്രൈം ഡ്രാമ എന്നീ ഗണങ്ങളിലേക്ക് ചേർത്ത് വെക്കാവുന്ന ഒരു മികച്ച തിരക്കഥ തന്നെയാണ് ഷിബിൻ ഫ്രാൻസിസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ പ്രേക്ഷകർക്ക് കുറച്ചു കൂടി ത്രില്ലിംഗ് ആക്കാവുന്ന സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും കണ്ടിരിക്കുന്നവരെ ഒരിക്കലും മടുപ്പിക്കാത്ത ഒന്ന് തന്നെയാണ് ഈ അണ്ടർ വേൾഡ്. അലക്സ് ജെ പുളിക്കലിന്റെ ക്യാമറയും യാക്സൺ ഗ്യാരി പെരേര, നേഹ നായർ എന്നിവർ ഒരുക്കിയ സംഗീതവും അണ്ടർ വേൾഡിനെ കൂടുതൽ ത്രില്ലിങ്ങാക്കിയിട്ടുണ്ട്. അവതരണത്തിലെ വ്യത്യസ്തതയും ത്രില്ലിംഗ് ആയൊരു ക്രൈം ഡ്രാമയും കാണുവാൻ കൊതിക്കുന്നവർക്ക് തീർച്ചയായും ഈ അധോലോകത്തിലേക്ക് ടിക്കറ്റെടുക്കാം.