മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഉണ്ണിമുകുന്ദൻ വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയിലേക്ക് എത്തി. 2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. മമ്മൂട്ടി നായകനായെത്തിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
2014-ൽ ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന സിനിമയിൽ ദുൽക്കറിനൊപ്പം നായകനായി വേഷമിട്ടു. വിക്രമാദിത്യൻ സിനിമ വിജയിച്ചതിനെ തുടർന്ന് ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടി. 2017-ൽ റിലീസായ മാസ്റ്റർ പീസ് സിനിമ വിജയിച്ചില്ലെങ്കിലും അതിലെ വില്ലൻ വേഷമായ എ.സി.പി. ജോൺ തെക്കൻ ഐ.പി.എസ് ശ്രദ്ധിക്കപ്പെട്ടു. ആ വർഷം തന്നെ ക്ലിൻറ് എന്ന സിനിമയിൽ ക്ലിൻറിൻ്റെ അച്ഛൻ വേഷമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്. ഈ കഥാപാത്രത്തിന് മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭിച്ചു. തെലുങ്കു സിനിമയിലേക്കുള്ള അരങ്ങേറ്റം ജനതാ ഗാര്യേജ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്തു കൊണ്ടായിരുന്നു. 2018-ൽ റിലീസായ ഭാഗ്മതി എന്ന സിനിമയിൽ അനുഷ്ക ഷെട്ടിയുടെ നായകനായും അഭിനയിച്ചു. അഭിനയത്തിന് പുറമേ നിർമ്മാണത്തിലും ആലാപനത്തിലും ഗാനരചനയിലും താരം തന്റെ കഴിവ് പുറത്തെടുത്തു കഴിഞ്ഞു.
ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ പുതിയ ഫോട്ടോഷൂട്ടാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് മാസ്സും സ്റ്റൈലും ഒത്തിണങ്ങിയ ലുക്കിൽ എത്തിയിരിക്കുന്ന ഉണ്ണി മുകുന്ദനെ മലയാളത്തിലെ റോക്കി ഭായ് എന്നാണ് ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്. “കേരള റോക്കി ഭായ്, മലയാളത്തിന്റെ റോക്കി ബായ്, മല്ലു റോക്കി, കെജിഎഫ് റോക്കി ഭായ് മലയാളം, മലയാളികളുടെ ഉണ്ണി കണ്ണൻ, കെജിഎഫ് പടം ചെയ്യാൻ ഇതിനേക്കാൾ മാച്ച് ആകുന്ന വേറെ മലയാളി നടൻ ഉണ്ടേൽ തൂക്ക്”, എന്നിങ്ങനെയാണ് ഉണ്ണി മുകുന്ദനെ പുകഴ്ത്തിയുള്ള കമന്റുകൾ. ജാഗർ ആന്റണി പകർത്തിയിരിക്കുന്ന ഫോട്ടോസിൽ ഉണ്ണി മുകുന്ദന് സ്റ്റൈലിംഗ് നടത്തിയിരിക്കുന്നത് ആനു നോബിയാണ്.
‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഇനി ഉണ്ണി മുകുന്ദന്റേതായി പ്രദര്ശനത്തിന് എത്താനുള്ളത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രവും ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഉദയ കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യശോദ’ എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദൻ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഹരി-ഹരീഷ് ജോഡിയാണ് ചിത്രത്തിന്റെ സംവിധാനം.