ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് പ്രശസ്ത നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമായ ഉപചാരപൂർവം ഗുണ്ട ജയൻ. അരുൺ വൈഗ കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതു രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഇതിലെ പാട്ടുകൾ, ഇതിന്റെ ട്രൈലെർ എന്നിവയെല്ലാം സൂപ്പർ ഹിറ്റായിരുന്നു കൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. ആ പ്രതീക്ഷകളെ പൂർണ്ണമായും ഈ ചിത്രം സാധൂകരിച്ചു എന്ന് തന്നെ നമ്മുക്ക് പറയാം.
സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജയൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നാട്ടിലെ പഴയകാല ഗുണ്ട ആയിരുന്ന ഗുണ്ട ജയന് ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം മരുമകളുടെ കല്യാണ ചുമതല ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്ന് ആ കല്യാണ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. പെണ്ണിന് കല്യാണത്തിൽ താല്പര്യം ഇല്ല എന്നതും ഒപ്പം കുറെ പ്രശ്നക്കാരായ ബന്ധുക്കൾ കൂടി കല്യാണ വീട്ടിൽ എത്തുന്നതും കഥയെ കൂടുതൽ രസകരമാക്കുന്നു. ഇത്രയും പ്രശ്നങ്ങൾക്കിടയിൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്നാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.
വളരെ രസകരമായ, വ്യത്യസ്തമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞു എന്നതാണ് അരുൺ വൈഗ എന്ന ഈ യുവ സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്നത് എന്ന് പറയാം. നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതു എന്ന് എടുത്തു പറയണം. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും എഴുത്തുകാരനിന്ന നിലയിൽ രാജേഷ് വർമ്മ വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനിന്ന നിലയിൽ വിജയം കൈവരിക്കാൻ അരുൺ വൈഗക്കും കഴിഞ്ഞിട്ടുണ്ട്.. കോമെഡിയും വൈകാരികമായ മുഹൂർത്തങ്ങളും അതിന്റെ ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്നതാണെന്നു ഉറപ്പു വരുത്താൻ സംവിധായകന് കഴിഞ്ഞപ്പോൾ ചിത്രം മികച്ച ഒരു അനുഭവമായി മാറി.
സൈജു കുറുപ്പ് ഗുണ്ട ജയൻ ആയി നടത്തിയ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്..അദ്ദേഹം അനായാസമായി കഥാപാത്രമായി മാറി. രൂപത്തിലും ഭാവത്തിലും ശരീര ഭാഷയിലും ഗുണ്ട ജയനായി സൈജു നിറഞ്ഞു നിന്നു. അത് കൂടാതെ കയ്യടി നേടുന്ന രണ്ടു പേര് ശബരീഷ് വർമ്മയും സിജു വിത്സനുമാണ്. രണ്ടുപേരും പക്വതയാർന്ന പ്രകടനം തന്നെയാണ് നൽകിയതു. ഇവരെ പോലെ തന്നെ ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു. എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.
എൽദോ ഐസക് നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ കിരൺ ദാസ് തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും ഒഴുക്കും നൽകുന്നതിൽ വിജയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനും അത് സഹായിച്ചു. ബിജിപാൽ, ശബരീഷ് വർമ്മ, ജയദാസൻ എന്നിവർ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തി. ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും ചിത്രത്തിലെ അന്തരീക്ഷത്തോടും ഏറെ യോജിച്ചു പോയപ്പോൾ അത് ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ഉപചാരപൂർവം ഗുണ്ട ജയൻ . വ്യത്യസ്തമായ പ്രമേയവും അവതരണവും അതുപോലെ തന്നെ ആദ്യാവസാനം എന്റെർറ്റൈന്മെന്റും നൽകുന്ന ഒരു കൊച്ചു മനോഹര വിനോദ ചിത്രമാണ് ഇതെന്ന് ഉറപ്പിച്ചു തന്നെ പറയാം നമ്മുക്ക്.