ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന കോമഡി ഫാമിലി എന്റെർറ്റൈനെർ ‘മൈ നെയിം ഈസ് അഴകൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിവാഹത്തിന്റെ തലേദിവസത്തെ പരിപാടിയിലെ രംഗങ്ങളാണ് രസകരമായി ഈ ഗാനരംഗത്തിൽ ഉള്ളത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്ത് ആണ് ചിത്രം നിർമിക്കുന്നത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്നാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ ടീസറിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ടീസർ ഇതിനോടകം 14 ലക്ഷത്തിലധികം കാഴ്ചക്കാരിലേക്ക് എത്തിക്കഴിഞ്ഞു.
ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായാണ് ‘മൈ നെയിം ഈസ് അഴകൻ’ എത്തുന്നത്. സെപ്തംബർ മാസം ചിത്രം തിയറ്ററുകളിലേക്ക് എത്തും. ‘ഒരു യമണ്ടൻ പ്രേമകഥ’യ്ക്കു ശേഷം ബി സി നൗഫൽ സംവിധാനം ചെയ്യുന്ന മൈ നെയിം ഈസ് അഴകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ നിരവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.
നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്.
ഗോൾഡ്, റോഷാക്ക്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങൾ.