വിജയ് ആരാധകരും ഹേറ്റേഴ്സും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമാണ് എസ്. ഏഴിൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ തുള്ളാത മനവും തുള്ളം. ചിത്രത്തിൽ വിജയ്, സിമ്രാൻ എന്നിവരോടൊപ്പം മണിവർണ്ണൻ, ധാമു, വയപുരി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആർ.ബി.ചൗധരി നിർമ്മിച്ച ചിത്രത്തിന് എസ്.എ. രാജ്കുമാർ സംഗീതം നൽകി. ആർ.സെൽവ ഛായാഗ്രഹണം നിർവ്വഹിച്ചു. നല്ല പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രം 200 ദിവസത്തിലധികം തമിഴ്നാട്ടിലെ തീയറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും വൻ വിജയമായി മാറുകയും ചെയ്തു. തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ രണ്ട് അവാർഡുകളും ഈ ചിത്രം നേടിയിരുന്നു.
തുള്ളാതെ മനവും തുള്ളും കൂടാതെ ഏഴിൽ പൂവെല്ലാം ഉൻ വാസം, ദീപാവലി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തെ കുറിച്ച് അധികം ആർക്കുമറിയാത്ത ഒരു സംഭവം കൂടി നടന്നിട്ടുണ്ട്. തുള്ളാതെ മനവും തുള്ളും തിരക്കഥ പൂർത്തിയാക്കിയ ഏഴിൽ അതുമായി നിരവധി നായകന്മാരെ തേടി. അവസാനം കൊമേഡിയൻ വടിവേലുവിന്റെ അടുത്തും സംവിധായകൻ എത്തി. കഥ ഏറെ ഇഷ്ടപ്പെട്ട വടിവേലു താൻ ആ നായകവേഷം ചെയ്താൽ നന്നാകുമോയെന്ന സംശയം പ്രകടിപ്പിച്ചു. ആറു മാസം കാത്തിരുന്നതിന് ശേഷം നായകന്മാരെ ആരെയും കിട്ടിയില്ലെങ്കിൽ താൻ നായകനാകാം എന്ന ഒരു ഉറപ്പും നൽകി സംവിധായകനെ മടക്കിയയക്കുകയാണ് ചെയ്തത്. പിന്നീടാണ് സൂപ്പർ ഗുഡ് ഫിലിംസ് ചിത്രം ഏറ്റെടുക്കുകയും വിജയ് നായകനാവുകയും ചെയ്തത്.
അതേ സമയം വിജയ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണ തിരക്കുകളിലാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം നിർവഹിക്കുന്ന ബീസ്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സാണ്. ചെന്നൈയിലെ ശ്രീ ഗോകുലം സ്റ്റുഡിയോസിലാണ് ബീസ്റ്റിന്റെ ചിത്രീകരണം നടക്കുന്നത്.