ആരാധകരെ ആവേശത്തിലാക്കി അജിത്ത് നായകനാകുന്ന ‘വലിമൈ’യുടെ ട്രെയ്ലർ പുറത്തിറങ്ങി. തകർപ്പൻ ആക്ഷൻ രംഗങ്ങൾക്ക് ഒപ്പം ഹൈ ടെക്ക് സാങ്കേതികവിദ്യയുടെ ഉപയോഗവും ചിത്രത്തിൽ ഉണ്ടെന്ന് ട്രെയ്ലർ ഉറപ്പേകുന്നു. ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് ചിത്രത്തിന്റെ ട്രെയ്ലർ എത്തിയിരിക്കുന്നത്. പ്രതീക്ഷകൾ തകർക്കാതെ എത്തിയ ട്രെയ്ലർ ആരാധകരെ ആവേശത്തിൽ ആറാടിച്ചിരിക്കുകയാണ്.
എച്ച് വിനോദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഒരു മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും. പൊലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായിക. ‘ആർഎക്സ് 100’ ഫെയിം തെലുങ്ക് നടൻ കാർത്തികേയ ഗുമ്മകൊണ്ടയാണ് വില്ലൻ വേഷത്തിൽ എത്തുന്നു. ബാനി, സുമിത്ര, അച്യുന്ത് കുമാർ, യോഗി ബാബു, രാജ് അയ്യപ്പ, പുഗാജ്, ദ്രുവൻ, പേളി മാണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ബോണി കപൂറിന്റെ ബേവ്യൂ പ്രൊജക്ട്സ് എൽഎൽപിയും സീ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 പൊങ്കലിന് ചിത്രം പ്രദർശനത്തിനെത്തും. എന്നാൽ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.