ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് തല അജിത് നായകനായ വലിമൈ എന്ന ചിത്രം. തീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ എന്നീ ചിത്രങ്ങൾക്ക് ശേഷം എച് വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്. സംവിധായകൻ എച് വിനോദ് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് നടി ഹുമ ഖുറേഷി നായികയായി എത്തിയിരിക്കുന്നു. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് വലിമൈ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ആണ്. ഇതിന്റെ ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവ ചിത്രത്തിന് വലിയ ഹൈപ്പ് സമ്മാനിച്ചിരുന്നു.
ചെന്നൈ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആയ അർജുൻ എന്ന കഥാപാത്രത്തെയാണ് അജിത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നഗരത്തിൽ കൊള്ളയും കൊലയും മയക്കു മരുന്ന് വ്യാപാരവുമായി ഭീതി പടർത്തുന്ന, സാത്താനിക് സ്ലേവ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ബൈക്കർ ഗാങിന് എതിരെയുള്ള അർജുൻ എന്ന പോലീസ് ഓഫീസറുടെ പോരാട്ടമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. അതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളും ചിത്രത്തിന്റെ കഥാഗതിയെ സ്വാധീനിക്കുന്നുണ്ട്. സൊഫീയ എന്ന നാർക്കോട്ടിക് ബ്യുറോ ഉദ്യോഗസ്ഥ ആയി ഹുമ ഖുറേഷി എത്തുമ്പോൾ ബൈക്കർ ഗംഗ തലവനായി എത്തുന്നത് കാർത്തികേയ ആണ്.
അജിത്തിന്റെ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു തീപ്പൊരി മാസ്സ് ആക്ഷൻ ചിത്രമാണ് എച് വിനോദ് ഒരുക്കിയിരിക്കുന്നത്. തല അജിത്തിന്റെ ആരാധകരെ കോരിത്തരിപ്പിക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ മേക്കിങ് എന്ന് പറയാം. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും, സംഘട്ടന രംഗങ്ങളും കോർത്തിണക്കി ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ തന്നെയാണ് അജിത്തിനെ നായകനാക്കി അദ്ദേഹം ഒരുക്കാൻ ശ്രമിച്ചത്. ഒരു കമ്പ്ലീറ്റ് അജിത് ഷോ എന്ന് തന്നെ പറയാം ഈ ചിത്രത്തെ. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും കോർത്തിണക്കിയ ആദ്യ പകുതിയിൽ ഒരു മാസ്സ് ചിത്രത്തിൽ നിന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാം ലഭിക്കും. ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം അത്ര വേഗതയിലും മികച്ച രീതിയിലുമാണ് ഇതിലെ സംഘട്ടന രംഗങ്ങളും ചേസ് സീനുകളും ഒരുക്കിയിരിക്കുന്നത്. ഗംഭീര ആദ്യ പകുതിക്കും ഇന്റർവെൽ ബ്ലോക്കിനും ശേഷം രണ്ടാം പകുതിയുടെ ആദ്യം വരുന്ന ഹൈവേ സംഘട്ടനവും അതിഗംഭീരം ആയിരുന്നു. എന്നാൽ അതിനു ശേഷം വന്ന അനാവശ്യ മെലോഡ്രാമ സീനുകൾ ചിത്രത്തെ പുറകോട്ടടിക്കുന്നുണ്ട്. തിരക്കഥ ദുര്ബലമായതും ഗുണം ചെയ്തിട്ടില്ല. ആക്ഷൻ സീനുകളുടെ പൂർണ്ണതയാണ് ഈ ചിത്രത്തെ അവസാനം വരെ രക്ഷിച്ചു നിർത്തുന്നത് എന്ന് പറയേണ്ടി വരും. ബൈക്ക് സംഘട്ടന രംഗങ്ങൾ ഒക്കെ അതിഗംഭീരമാണ്.
അജിത്തിന്റെ കിടിലൻ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. ശരീരവും മനസ്സും കഥാപാത്രത്തിന് നൽകി ഞെട്ടിക്കുന്ന പ്രകടനമാണ് അജിത് കുമാർ കാഴ്ചവെച്ചത്. ശാരീരികമായി ഒരുപാട് പ്രയത്നം വേണ്ടി വന്ന ഒരുപാട് രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. അതെല്ലാം അദ്ദേഹം ഏറ്റവും ഗംഭീരമായ രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്.ഹുമ ഖുറേഷി തന്റെ വേഷം നന്നായി ചെയ്തപ്പോൾ പ്രേക്ഷകരുടെ ഗംഭീര കയ്യടി നേടിയത് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച കാർത്തികേയ ആണ്. മികച്ച പ്രകടനമാണ് വില്ലനായി കാർത്തികേയ നൽകിയത്. ഇവരെ കൂടാതെ ബാനി, സുമിത്ര, പുകഴ്, ധ്രുവൻ, ദിനേശ് പ്രഭാകർ, പേർളി മാണി, സിൽവ, ജി എം സുന്ദർ, അച്യുത് കുമാർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി. നീരവ് ഷാ ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. വിസ്മയിപ്പിക്കുന്ന രീതിയിൽ ഒരു ഹോളിവുഡ് ചിത്രത്തിലേതു പോലുള്ള ദൃശ്യങ്ങൾ ആണ് അദ്ദേഹം ആക്ഷൻ രംഗങ്ങളിൽ സമ്മാനിച്ചത്. യുവാൻ ശങ്കർ രാജ ഒരുക്കിയ ഗാനങ്ങൾ നിലവാരം പുലർത്തിയില്ല. എന്നാൽ ജിബ്രാൻ ഒരുക്കിയ പശ്ചാത്തല സംഗീതം മാസ്സ് ആയിരുന്നു. നീരവ് ഷായുടെ ദൃശ്യങ്ങളും ജിബ്രാന്റെ പശ്ചാത്തല സംഗീതവും അജിത്തിന്റെ സ്ക്രീൻ പ്രെസൻസും കൂടി ചേർന്നപ്പോൾ മാസ്സ് സീനുകളിൽ ആരാധകരുടെ ആവേശം വാനോളം ഉയർത്താൻ സാധിച്ചിട്ടുണ്ട്. വിജയ് വേലുക്കുട്ടിയുടെ എഡിറ്റിംഗ് മികവ് ദുർബലമായ തിരക്കഥക്കു ഇടയിലും ചിത്രം ഇഴയാതെ കാത്തു.
ചുരുക്കി പറഞ്ഞാൽ അജിത് ആരാധകരെ ത്രസിപ്പിക്കുന്ന, മറ്റു പ്രേക്ഷകർക്ക് ശരാശരി ഫീൽ മാത്രം നൽകുന്ന ഒരു ആക്ഷൻ ത്രില്ലർ ആണ് വലിമൈ. ആക്ഷൻ രംഗങ്ങൾ മറ്റൊരു ലെവലിൽ തന്നെ ഒരുക്കിയത് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. അതുകൊണ്ട് തന്നെ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടമുള്ളവർക്ക് ഈ അജിത് ചിത്രം നല്ലൊരു തീയേറ്റർ അനുഭവം തന്നെ സമ്മാനിക്കാൻ സാധ്യത ഉണ്ട്.