വിവാദമായ മലയാള സിനിമ ‘വര്‍ത്തമാനം’ തിയേറ്ററുകളിലേക്ക്. പ്രതിസന്ധി നാളുകളില്‍ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രദര്‍ശനം മാറ്റിവച്ചപ്പോള്‍, മാര്‍ച്ച് 12ന് 300 ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ആര്യാടന് ഷൗക്കത്ത് അറിയിച്ചു. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥി സമരവും, ഭരണകൂടം സമരത്തെ നേരിടാന്‍ സ്വീകരിച്ച രീതിയും ചിത്രത്തില്‍ പ്രതിപാദ്യ വിഷയമാകും എന്നാണ് സൂചന.
രാജ്യവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന പേരില്‍ സെന്‍സര്‍ ബോര്‍ഡ് തള്ളിയ ചിത്രം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസ് ചെയ്യുന്നത്. കേരളം, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ‘വര്‍ത്തമാനം’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ‘വര്‍ത്തമാനം’ സെന്‍സര്‍ ബോര്‍ഡിന്റെ U/A സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് വര്‍ത്തമാനത്തില്‍ അവതരിപ്പിക്കുന്നത്. ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയായാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ വേഷമിടുന്നത്.
റോഷന് മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.