മലയാളത്തിലെ ആദ്യ ഓൺലൈൻ റിലീസിന് ഒരുങ്ങുന്ന ജയസൂര്യ നായകനായ സൂഫിയും സുജാതയിലെയും വാതുക്കൽ വെള്ളരിപ്രാവ് എന്ന മനോഹര പ്രണയഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്റെ മറ്റൊരു മാന്ത്രികത നിറഞ്ഞു നിൽക്കുന്ന ഈ ഗാനത്തിന്റെ മനോഹര വരികൾ തയ്യാറാക്കിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. അർജുൻ കൃഷ്ണ, നിത്യ മാമ്മൻ, സിയ ഉൾ ഹഖ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി തയ്യാറെടുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അതിഥി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു ആണ്.നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകൻ. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈമിൽ ജൂലൈ മൂന്നിന് റിലീസ് ചെയ്യും.