കൊവിഡ് 19 പ്രതിസന്ധിക്കുശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ജയസൂര്യ നായകനാകുന്ന ‘വെള്ളം’. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇന്ന് 22 ന് തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാര്‍ഥ ജീവിതമാണ് ചിത്രം പറയുന്നത്.
ഒരു ഫാമിലി എന്റര്ടെയ്നര് കൂടിയായിരിക്കും ചിത്രം. സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ‘വെള്ളം’ നിര്‍മ്മിച്ചിരിക്കുന്നത്.
ബി.കെ ഹരിനാരായണന്, നിതീഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിരുടെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. റോബി രാജ് വര്‍ഗീസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ബിജിത് ബാലയാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്കര്‍ പ്രിയങ്ക എന്നിവരാണ് മറ്റു താരങ്ങള്‍. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം.
അതേ സമയം ചിത്രം കാണാന്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ക്ഷണിച്ച് നടന് മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ പറയുന്നു
ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷം സിനിമ സജീവമാകുകയാണ്. തിയറ്ററുകള്‍ തുറന്നു. അന്യഭാഷാ സിനിമകളാണ് ആദ്യം വന്നത്. പക്ഷേ മലയാളത്തിന്റെ ഒരു ചിത്രം 22ന് റിലീസ് ചെയ്യുകയാണ്. വെള്ളം. സിനിമയുടെ ഒരു ചക്രം ചലിക്കണമെങ്കില്‍ തിയറ്ററുകള്‍ തുറക്കണം, പ്രേക്ഷകര്‍ സിനിമ കാണണം. ഇതൊരു വലിയ ഇന്‍ഡസ്ട്രിയാണ്, എത്രയോ പേര് ജോലി ചെയ്യു്ന്ന വലിയ വ്യവസായമാണ്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമ ഉണ്ടാക്കുന്നത്. ഒരു പാട് സിനിമകള്‍ വരാനുണ്ട്. പ്രേക്ഷകരായ നിങ്ങള്‍ തിയറ്ററുകളിലേക്ക് വരണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വിനോദ വ്യവസായത്തെ രക്ഷിക്കണം.