ജയസൂര്യ നായകനായ ‘വെള്ളം” ചിത്രത്തിന്റെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിര്‍മ്മാതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് പത്ര സമ്മേളനത്തിലാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ ചോര്‍ന്നത്. അനധികൃതമായി ചിത്രം ചോര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിച്ചു വരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 6) കൊച്ചി കലൂരുള്ള നന്ദിലത്തു ജി മാര്‍ട്ടില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രഞ്ജിത് മണബ്രക്കാട്ട് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ 180 ലേറെ തീയറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു തിരിച്ചടി നേരിടേണ്ടി വന്നത്.
യുവാക്കളുടെ വലിയൊരു സംഘം ചിത്രങ്ങള്‍ ചോര്‍ത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നിര്‍മാതാവ് രഞ്ജിത് മണബ്രക്കാട്ട് പത്ര സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ഫ്രണ്ട്ലി പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് വെള്ളം നിര്‍മിച്ചത്.