ഏറെ മാസങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും തീയേറ്ററുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. തമിഴ് ചിത്രം മാസ്റ്റർ ആണ് തിയേറ്ററിൽ ആദ്യം എത്തിയ ചിത്രം. എന്നാൽ ജയസൂര്യ നായകനാകുന്ന വെള്ളം ആണ് ആദ്യം തിയേറ്ററിൽ എത്തുന്ന മലയാളം ചിത്രം. ഈ മാസം 22 നു ആണ് ചിത്രം പ്രദർശനത്തിന് എത്തുക. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമാണ് വെള്ളമെന്നാണ് ജയസൂര്യ ചിത്രത്തെ കുറിച്ച് മുൻപ് പറഞ്ഞത്.
ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സിദ്ധിഖ്, സംയുക്ത മേനോൻ, ബൈജു, സന്തോഷ് കീഴാറ്റൂർ, ശ്രീലക്ഷ്മി സ്നേഹ പാലിയേരി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗം ആകുന്നുണ്ട്. ഇന്ദ്രൻസ് ചിത്രത്തിൽ അഥിതി വേഷത്തിലും എത്തുന്നുണ്ട്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.