ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ മോഹൻലാൽ ചിത്രം ‘നേര്’ തെലുങ്കിലേക്ക്. തെലുങ്ക് താരം വെങ്കടേഷ് ആയിരിക്കും ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക. ജീത്തു ജോസഫ് സംവിധാനം ചിത്രം ഡിസംബർ 21ന് ആയിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രം റിലീസ് ആയി ഒരാഴ്ച പിന്നിടുമ്പോൾ അമ്പതുകോടി ക്ലബിലേക്ക് പ്രവേശനത്തിനുള്ള ഒരുക്കത്തിലാണ് ചിത്രം.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് പത്തു വർഷങ്ങൾക്ക് മുമ്പ് സംവിധാനം ചെയ്ത ദൃശ്യം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തെലുങ്കിൽ വെങ്കടേഷ് ആയിരുന്നു ദൃശ്യം റീമേക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ആ കാലഘട്ടം മുതൽ ജീത്തു ജോസഫുമായി ഒരു നല്ല ബന്ധമാണ് വെങ്കടേഷിന് ഉള്ളത്. ഏതായാലും ആരാധകരും ആവേശത്തോടെയാണ് ഈ വാർത്തയോടെ പ്രതികരിച്ചിരിക്കുന്നത്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
Hot Buzz : #Venkatesh may do the Telugu version of #JeethuJoseph’s super hit @Mohanlal Christmas release #Neru! Remember Jeethu and @VenkyMama have terrific vibes since their #Drishyam days! pic.twitter.com/KG8TblZ9E0
— Sreedhar Pillai (@sri50) December 24, 2023