ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആഢംബരപൂര്‍ണമായിരുന്നു വിവാഹം. ബോളിവുഡ് താരം ഷാരൂഖ് ഖാന്, രജനീകാന്ത്, കമല്ഹാസന്, സൂര്യ, കാര്‍ത്തി, ജ്യോതിക അടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിന് ശേഷം ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ നയന്‍താരയെ കുറിച്ച് വിഘ്നേഷ് ശിവന്റെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.
താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയന്‍താരയെന്ന് വിഘ്നേഷിന്റെ അമ്മ മീനാ കുമാരി പറയുന്നു. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ കൈ അയച്ച് സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തവളാണ് നയന്‍താര. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കല്‍ അവരില്‍ ഒരു സ്ത്രീ അവരുടെ ദുരിതങ്ങള്‍ നയന്താരയോട് പറഞ്ഞു. അവര്‍ക്ക് നാല് ലക്ഷം രൂപ കടം ഉള്ളതിനാല്‍ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്ന് ആ സ്ത്രീ പറഞ്ഞു. നയന്‍താര ഉടന്‍ തന്നെ ആ പണം നല്‍കിയിട്ട് കടങ്ങളെല്ലാം ഉടന്‍തന്നെ തീര്‍ക്കണം എന്ന് അവരോടു പറഞ്ഞുവെന്ന് മീനാ കുമാരി പറഞ്ഞു.
ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നല്കണമെങ്കില് അവര്‍ക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം. മാത്രമല്ല ആ സ്ത്രീയും അതിനര്‍ഹയാണ്. കാരണം രണ്ട് മൂന്ന് വര്‍ഷമായി ആ വീട്ടില്‍ ആത്മാര്‍ഥമായി ജോലി എടുക്കുന്നവരാണ് അവര്‍. ഒരിക്കല്‍ നയന്‍താരയുടെ അമ്മ സ്വന്തം കയ്യിലെ സ്വര്‍ണവള അവര്‍ക്ക് ഊരി നല്‍കിയിരുന്നു. ഒരിടത്ത് നമ്മള് ആത്മാര്‍ഥമായി ജോലി നോക്കുകയാണെങ്കില്‍ നമ്മുടെ വിഷമഘട്ടങ്ങളില്‍ തീര്‍ച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകുമെന്നും മീന കുമാരി കൂട്ടിച്ചേര്‍ത്തു.