നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നിർമാതാവും നടനുമായ വിജയ് ബാബു കഴിഞ്ഞദിവസം ആയിരുന്നു ദുബായിൽ നിന്ന് കേരളത്തിൽ എത്തിയത്. നീണ്ട 39 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിനു ശേഷമാണ് വിജയ് ബാബു ദുബായിൽ നിന്ന് നാട്ടിലേക്ക് മടങ്ങി എത്തിയത്. ദുബായിൽ നിന്ന് നാട്ടിലെത്തിയതിന് പിന്നാലെ ഭാര്യയ്ക്കൊപ്പം വിജയ് ബാബു ക്ഷേത്ര ദർശനം നടത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ വിജയ് ബാബു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആലുവയിലെ ക്ഷേത്രത്തിൽ ഭാര്യയ്ക്കൊപ്പം ദർശനം നടത്തിയത്. തുടർന്ന് എറണാകുളം പൊലീസ് സ്റ്റേഷനിൽ ഹാജരായി. നാട്ടിലെത്തിയാൽ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ എത്തിയത്.
വിദേശത്ത് ഒളിവിൽ ആയിരുന്ന വിജയ് ബാബു ബുധനാഴ്ചയാണ് ദുബായിൽ നിന്നുള്ള വിമാനത്തിൽ കൊച്ചിയിൽ എത്തിയത്. തൊട്ടു പിന്നാലെ ഇദ്ദേഹത്തിന്റെ പാസ്പോർട്ട് ഇമിഗ്രേഷൻ വിഭാഗം പിടിച്ചെടുക്കുകയായിരുന്നു. വ്യാഴാഴ്ച വരെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിദേശത്ത് നിന്ന് വിജയ് ബാബു മടങ്ങിയെത്തിയത്.