തെന്നിന്ത്യ മുഴുവൻ ‘ഗീത ഗോവിന്ദം’ എന്ന ഒറ്റച്ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവരകൊണ്ട. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് താരം. പോസ്റ്റർ കണ്ടവരെല്ലാം അമ്പരന്ന് പോയിരിക്കുകയാണ്. കാരണം, പൂർണ നഗ്നനായി, നഗ്നത റോസാപ്പൂക്കളാൽ മറച്ച വിധത്തിലാണ് പോസ്റ്റർ.
ഗ്ലൗസ് ധരിച്ചാണ് പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നിൽക്കുന്നത്. റോസാപ്പൂക്കൾ കൊണ്ട് നഗ്നത മറച്ചു നിൽക്കുന്ന താരത്തെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. സാലാ ക്രോസ് ബ്രീഡ് എന്നാണ് പോസ്റ്ററിലെ വാചകം. ‘എന്റെ എല്ലാമെടുത്ത ചിത്രം. പ്രകടനപരമായും മാനസികമായും ശാരീരികമായും എനിക്ക് ഏറെ വെല്ലുവിളികൾ തന്ന വേഷം. ഞാൻ നിനക്ക് എല്ലാം തന്നു’ – എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്.
സ്പോർട്സ് ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. പുരി ജഗന്നാഥ് ആണ് ലൈഗർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മിക്സഡ് മാർഷ്യൽ ആർട്സ് താരമായാണ് വിജയ് വേഷമിടുന്നത്. വിജയ് ദേവരകൊണ്ടയും പുരി ജഗന്നാഥും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. അതിഥിവേഷത്തിൽ ബോക്സിങ് താരം മൈക്ക് ടൈസനും എത്തുന്നുണ്ട്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുന്നത്. ധർമ പ്രൊഡക്ഷൻസും പുരി കണക്ട്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.