വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ലൈഗര്‍. ചിത്രം ബോക്സ് ഓഫിസില്‍ വന്‍ പരാജയമാണ് നേരിട്ടത്. ഇപ്പോഴിതാ ലൈഗറിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്കാന് ഒരുങ്ങുകയാണ് വിജയ് ദേവരക്കൊണ്ട. നിര്‍മാതാക്കള്‍ക്ക് ആറ് കോടി രൂപ നല്‍കുമെന്ന് വിജയ് ദേവരക്കൊണ്ട അറിയിച്ചു.
ഓഗസ്റ്റ് 25നായിരുന്നു ലൈഗര്‍ തീയറ്ററുകളില്‍ എത്തിയത്. നൂറ് കോടി രൂപ ബജറ്റിലൊരുക്കിയ ലൈഗര്‍ പുരി ജഗന്നാഥാണ് സംവിധാനം ചെയ്തത്. അനന്യ പാണ്ഡെയായിരുന്നു ചിത്രത്തിലെ നായിക. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറും നടി ചാര്‍മി കൗറും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലൈഗറിന്റെ റിലീസിന് മുന്നോടിയായി ചിത്രത്തിനെതിരെ വ്യാപക രീതിയില്‍ ബഹിഷ്കരണാഹ്വാനം നടന്നിരുന്നു. ഇത് തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്.
ലൈഗറില്‍ കിക്ക് ബോക്സറായാണ് വിജയ് ദേവരക്കൊണ്ട എത്തിയത്. നടി രമ്യ കൃഷ്ണയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിലുണ്ട്. വിഷ്ണു ശര്‍മയാണ് ചായാഗ്രാഹകന്, കീചയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.