2012ൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന്റെ നികുതിയെ സംബന്ധിച്ചുള്ള കോടതി കേസും എല്ലാമായി കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ്. അതിൽ അധികം ഇടപെടാതെ തന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണ തിരക്കിലാണ് വിജയ് ഇപ്പോൾ. നെൽസൺ ദിലീപ്കുമാർ സംവിധാനം നിർവഹിക്കുന്ന ബീസ്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സാണ്.
ചെന്നൈയിലെ ശ്രീ ഗോകുലം സ്റ്റുഡിയോസിലാണ് ബീസ്റ്റിന്റെ ചിത്രീകരണം നടക്കുന്നത്. അവിടെ തന്നെയാണ് കാർത്തി നായകനാകുന്ന സർദാറിന്റെ ഷൂട്ടും നടക്കുന്നത്. സർദാറിന് വേണ്ടി പ്രായമായ ഒരു ഗെറ്റപ്പിലാണ് കാർത്തി എത്തുന്നത്. ആ ഗെറ്റപ്പിൽ വിജയ്യുടെ മുന്നിലൂടെ പോയ കാർത്തിയെ താരത്തിന് മനസ്സിലായില്ല എന്നാണ് റിപ്പോർട്ടുകൾ. കാർത്തി സ്വയം ചെന്ന് വെളിപ്പെടുത്തിയപ്പോഴാണ് വിജയ്ക്ക് ആളെ മനസ്സിലായത്. അപ്പോൾ തന്നെ വിജയ് കാർത്തിയെ കെട്ടിപ്പിടിക്കുകയും പുതിയ ഗെറ്റപ്പിന് അഭിനന്ദിക്കുകയും ചെയ്തു.
പി എസ് മിത്രൻ സംവിധാനം നിർവഹിക്കുന്ന സർദാറിന്റെ നിർമ്മാണം പ്രിൻസ് പിക്ചേഴ്സാണ്. കാർത്തിയെ കൂടാതെ സിമ്രാൻ, റാഷി ഖന്ന, രജിഷാ വിജയൻ, മുരളി ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.