വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏകദേശം 145 കോടിയോളമാണ് ചിത്രം വേൾഡ് വൈഡ് ആദ്യദിനം കരസ്ഥമാക്കിയത്. കേരളത്തിലും പത്ത് കോടിയിലേറെ ആദ്യദിനം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തോട് അനുബന്ധിച്ച് രസകരമായ ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്.
വിജയ് നായകനായ ലിയോയുടെ ആദ്യ പ്രദർശനത്തിന് മുൻപ് ചിത്രം പ്രദർശിപ്പിക്കുന്ന സ്ക്രീനിന് മുൻപിലായി വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ് കടുത്ത ആരാധകരായ കമിതാക്കൾ. പുതുക്കോട്ടൈയിലെ തീയറ്ററിൽ വെച്ചാണ് വെങ്കടേഷ് – മഞ്ജുള ദമ്പതികളുടെ വിവാഹനിശ്ചയം നടത്തിയത്. ഇരുവരും കടുത്ത വിജയ് ആരാധകരാണ്. വിജയ്യുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടത്തണമെന്നായിരുന്നു മഞ്ജുളയുടെ ആഗ്രഹം. അത് സാധ്യമാകാതെ വന്നതിനാലാണ് ഇത്തരത്തിൽ വിവാഹ നിശ്ചയം നടത്തിയത്. വിജയ് ആരാധകർ തന്നെയാണ് ഇതിന് മുൻകൈ എടുത്തത്.
In #Pudukkottai a couple exchanged their engagement ring and put Maalai on each other in front of #Leo in the morning show. @xpresstn #VijayThalapathy #VijayFans #LeoMovie #wedding pic.twitter.com/OsZMrh7iYm
— Iniya Nandan (@Iniyanandan25) October 19, 2023
വിവാഹ വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇരുവരും തീയറ്ററിനകത്ത് വെച്ച് മോതിരം മാറുകയും പരസ്പരം ഹാരങ്ങൾ അണിയിക്കുകയും ചെയ്തു. “എനിക്ക് അച്ഛനും അമ്മയുമില്ല. വിജയ് അണ്ണനാണ് എനിക്കെല്ലാം തന്നെ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ഈ ചടങ്ങ് നടത്തിയത്.” വിവാഹ നിശ്ചയ ചടങ്ങിനെക്കുറിച്ച് വരൻ വെങ്കടേഷ് പറഞ്ഞു. ഇന്ന് പെരുമാൾ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടത്തപ്പെടുന്നത്.