വിജയ് ചിത്രം ‘മാസ്റ്ററിന്റെ’ അഡ്വാന്‍സ് ബുക്കിംഗിന് തളളിക്കയറി ആരാധകര്‍. നൂറു കണക്കിനു ആരാധകരാണ് ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ തിയറ്ററുകളിലെത്തുന്നത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകള്‍ നില്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതിനെതിരെ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 13 നാണ് ‘മാസ്റ്റര്‍’ തിയറ്ററുകളിലെത്തുക. ഇളയദളപതിയുടെ പൊങ്കല്‍ റിലീസാണ് ചിത്രം. തിയറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവ് കേന്ദ്രം തിരുത്തി. നിലവില്‍ 50 ശതമാനം പേരെ മാത്രമേ തിയറ്ററുകളില്‍ അനുവദിക്കൂ.
ബുധനാഴ്ച റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങുന്നതിന് ആയിരക്കണക്കിന് ആരാധകരാണ് സംസ്ഥാനത്തൊട്ടാകെയുള്ള തിയേറ്ററുകളില്‍ തടിച്ചു കൂടിയത്. എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയാണ് ആരാധകര്‍ എത്തിയത്. സാമൂഹിക അകലം പാലിച്ചിരുന്നില്ല എന്നത് മാത്രമല്ല പലരും മാസ്ക് പോലും ധരിച്ചിരുന്നില്ല. ആരാധകരുടെ തള്ളിക്കയറ്റം കാരണം കോയമ്ബേട് രോഹിണി തിയേറ്ററില്‍ പോലീസിനെ വിളിച്ചു വരുത്തേണ്ടി വന്നു.
ടിക്കറ്റ് തീരുമെന്ന ആശങ്കയില്‍ തിയേറ്ററിലെ സുരക്ഷാ ജീവനക്കാരെ വകവെയ്ക്കാനോ നിയന്ത്രണങ്ങള്‍ പാലിച്ച് വരി നില്‍ക്കാനോ ആരാധകര്‍ തയ്യാറായിരുന്നില്ല. ‘മാസ്റ്റര്‍’ ആദ്യ പ്രദര്‍ശനത്തിനു തന്നെ ടിക്കറ്റ് വാങ്ങി കാണുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കളായ ആരാധര്‍ എത്തിയത്. നിയന്ത്രണങ്ങള്‍ പാലിയ്ക്കണമെന്നും കോവിഡ് ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാരും ‘മാസ്റ്റര്‍’ അണിയറ പ്രവര്‍ത്തകരും ആവര്ത്തിയ്ക്കുന്നുണ്ടെങ്കിലും ഈ നിര്‍ദ്ദേശങ്ങളൊക്കെ ആരാധകര്‍ അവഗണിയ്ക്കുകയാണ് ചെയ്തത്.