വിജയ് ഫാൻസ് അസോസിയേഷൻ്റെ പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പൂർത്തീകരിക്കാനുള്ള വിജയുടെ അച്ഛനായ ചന്ദ്രശേഖറിൻ്റെ നീക്കങ്ങളും ഇതിനോടുള്ള വിജയുടെ പ്രതികരണങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം നിറഞ്ഞുനിന്നിരുന്നു. വിജയുടെ അനുവാദമോ അറിവോ ഇല്ലാതെയാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത് എന്നാണ് താരം പറഞ്ഞത്. ഏറെക്കാലമായി വാര്‍ത്തകളിലുള്ള ‘വിജയ്യുടെ രാഷ്ട്രീയപ്രവേശന’ത്തെക്കുറിച്ച് പലപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറ് അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖറാണ്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാക്ക് തർക്കങ്ങൾ അച്ഛൻ-മകൻ ബന്ധത്തെ സാരമായി ബാധിച്ചു എന്നാണ് വിജയുടെ അമ്മയായ ശോഭ ചന്ദ്രശേഖർ പറയുന്നത്.
അച്ഛനോട് സംസാരിക്കുന്നത് തന്നെ വിജയ് നിർത്തിയെന്നും ശോഭ പറയുന്നു. വിജയ് ആരാധക സംഘടനയായ ‘ആള് ഇന്ത്യ ദളപതി മക്കള്‍ ഇയക്ക’ത്തിന്റെ പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്ട്രേഷനുവേണ്ടി ചന്ദ്രശേഖര്‍ ഇലക്ഷന് കമ്മിഷനെ സമീപിച്ചിരുന്നത്. അപേക്ഷയില്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ശോഭ ട്രഷററുമായിരുന്നു. എന്നാല്‍ രൂപീകരിക്കാന്‍ പോകുന്നത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് പറയാതെയാണ് ചന്ദ്രശേഖര്‍ തന്നെക്കൊണ്ട് രേഖകളില്‍ ഒപ്പിടുവിച്ചതെന്ന് ശോഭ മാധ്യമങ്ങളോട് പറഞ്ഞു. “ഒരു സംഘടനയുടെ രൂപീകരണത്തിന് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു മാസം മുന്‍പാണ് ഒപ്പിടുവിക്കാനായി എന്നെ സമീപിച്ചത്.” ഒരാഴ്ച മുൻപ് മാത്രമാണ് രൂപീകരിക്കാൻ പോകുന്നത് രാഷ്ട്രീയ പാർട്ടി ആണെന്ന് തനിക്ക് മനസ്സിലായതെന്നും, വിജയുടെ അനുവാദമില്ലാതെ ഇതു ചെയ്യുന്നതിലുള്ള എതിർപ്പ് താൻ പ്രതികരിച്ചപ്പോൾ അത് ചന്ദ്രശേഖർ അംഗീകരിച്ചു എന്നും ശോഭ പറയുന്നു.