ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ഇപ്പോഴിതാ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ കഥാപാത്രമായി റാണ ദഗുബാട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് തിരക്കുകള്‍ കാരണം ചെയ്യാന്‍ സാധിക്കാതെ വരികയും തുടര്‍ന്ന് വിജയ് സേതുപതിയിലേക്ക് എത്തുകയുമായിരുന്നു.
നായകനായിരിക്കുമ്പോള്‍ തന്നെ വില്ലന്‍ വേഷം ചെയ്തും ശ്രദ്ധേയനായ താരമാണ് വിജയ് സേതുപതി. പേട്ട, മാസ്റ്റര്‍ വിക്രം തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി തിളങ്ങി. വിക്രത്തില്‍ അവതരിപ്പിച്ച സാന്തനം എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അല്ലു അര്ജുന് നായകനാകുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിലും വിജയ് സേതുപതി വില്ലനായി എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സീനു രാമസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്ത മാമനിതന്‍ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഗായത്രിയായിരുന്നു ചിത്രത്തിലെ നായിക. ഷാഹിദ് കപൂര്‍, റാണി ഖന്ന എന്നിവര്‍ക്കൊപ്പം ഫാന്‍സി എന്ന ഹിന്ദി വെബ് സീരിസിലും വിജയ് സേതുപതി അഭിനയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ തന്നെ വെബ് സീരിസ് സ്ട്രീം ചെയ്യും.