കമലഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ.. ഒരു സാധാരണ സിനിമ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഇത്രയും പേരുകൾ മതി അവർ ഒന്നിച്ചുള്ള സിനിമ കാണുവാൻ ഒരു കാരണം. ഈ പറഞ്ഞ നാല് പേരുടെയും പ്രത്യേകത എന്താണെന്ന് വെച്ചാൽ അവർ സ്വന്തം ഇമേജ് നോക്കാതെ എത്രത്തോളം വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാം എന്ന കാര്യത്തിന് ഊന്നൽ നൽകുന്നവരാണ്. നിലവിലുള്ള നായക സങ്കൽപങ്ങളെ തച്ചുടച്ച്, അവരുടെ കംഫർട്ട് സോണിൽ നിന്നും പുറത്തിറങ്ങി അഭിനയിക്കുന്നവരാണ് ഇവർ. ചിലപ്പോൾ അത് വിജയിക്കാറില്ലെങ്കിൽ പോലും അവരുടെ ആ ചങ്കൂറ്റത്തിന് എന്നും പ്രേക്ഷകർക്ക് കൈയ്യടിക്കും. ഇത്തരത്തിൽ ഉള്ള നാല് സൂപ്പർ താരങ്ങളെ ഒരുമിച്ച് ചേർത്ത ലോകേഷിന് ഒരു ബിഗ് സല്യൂട്ട്.
തമിഴ് സിനിമയിൽ ഈ അടുത്ത് അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒന്നാണ് മൾട്ടിസ്റ്റാർ ചിത്രങ്ങൾ. മണി രത്നം അത്തരം ചിത്രങ്ങളിൽ കൈ വെച്ചിട്ടുണ്ടെങ്കിലും ഇത്രയധികം സൂപ്പർ താരങ്ങൾ അണിനിരന്നപ്പോൾ അത് പ്രേക്ഷകർക്കും ഒരു വമ്പൻ വിരുന്നായി തീർന്നിരിക്കുകയാണ്. അത്തരത്തിൽ ഒരു മഹാവിരുന്ന് തന്നെയാണ് വിക്രത്തിലൂടെ ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്നത്. ഇത്തരം ചിത്രങ്ങൾ ഒരുക്കുമ്പോൾ നേരിടേണ്ടി വരുന്ന ഒരു വലിയ വെല്ലുവിളി ബഡ്ജറ്റാണ്. അതിൽ പോലും വിജയം കൈവരിക്കുവാൻ സാധിച്ച ലോകേഷ് ഈ താരങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുക എന്നതിനേക്കാൾ ചിത്രത്തിനോട് നീതി പുലർത്തി എന്നത് തന്നെയാണ് ഏറ്റവും കൈയ്യടി അർഹിക്കുന്ന വസ്തുത.
ഒരു ഫാൻ ബോയ് ചിത്രം എന്നതിനേക്കാൾ കഥയോട് ചേർന്ന് നിൽക്കുവാനാണ് ലോകേഷ് ശ്രമിച്ചിരിക്കുന്നതും വിജയിച്ചിരിക്കുന്നതും. കൈതി കണ്ടിട്ട് വരണമെന്ന് പറഞ്ഞപ്പോൾ തന്നെ പ്രതീക്ഷിച്ചത് പോലെ മയക്കുമരുന്നും വെടിവെപ്പും ഗ്യാങ്സ്റ്ററും മോൺസ്റ്ററും എല്ലാമായി ഒരു വിരുന്ന് തന്നെയാണ് വിക്രം. രോമാഞ്ചമുണർത്തുന്ന രംഗങ്ങളോടൊപ്പം തന്നെ ഇമോഷണൽ രംഗങ്ങൾക്കും കൂടി പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ ഒരു സ്പേസ് നൽകുന്ന കാര്യത്തിലും വിജയം കൈവരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വേഗതയും പ്രേക്ഷകർക്ക് ഒരു അനുഭവം തന്നെയാണ്.
വിക്രം ഒരു പക്കാ ആക്ഷൻ ചിത്രമായി പ്രേക്ഷകർക്ക് തോന്നുവാൻ സാധിച്ചതിൽ ലോകേഷിനും കമലഹാസനും ഏറ്റവുമധികം പിന്തുണ നൽകിയത് അനിരുദ്ധിന്റെ സംഗീതവും ഗിരീഷ് ഗംഗാധരന്റെ ക്യാമറ വർക്കുകളും ഫിലോമിൻ രാജിന്റെ എഡിറ്റിംഗുമെല്ലാമാണ്. രണ്ടര മണിക്കൂർ മുഴുവനായും ആവേശത്തിൽ നിറഞ്ഞ് സ്തംഭിച്ച് നിന്ന് ഒരു പക്കാ ആക്ഷൻ ചിത്രം കാണുവാൻ ആഗ്രഹമുള്ളവർക്ക് ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു പക്കാ തീയറ്റർ എക്സ്പീരിയൻസാണ് വിക്രം.