വികൃതികൾ നിറഞ്ഞ ജീവിതം ആസ്വദിക്കുന്ന മലയാളി പ്രേക്ഷകരുടെ ശ്രദ്ധ വികൃതി എന്ന ചിത്രത്തിലേക്ക് തിരിയുവാൻ പ്രധാന കാരണങ്ങളിൽ ഒന്ന് അവരുടെ പ്രിയതാരങ്ങളായ സുരാജും സൗബിനും ഒന്നിക്കുന്നു എന്നത് തന്നെയാണ്. കോമഡി വേഷങ്ങളിലൂടെ വന്ന് പിന്നീട് ക്യാരക്ടർ വേഷങ്ങളിലും കഴിവ് തെളിയിച്ച് ദേശീയ അവാർഡും കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമൂടും അഭിനേതാവായും സംവിധായകനായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ സൗബിൻ ഷാഹിറും ഒന്നിച്ചപ്പോൾ എന്താണോ പ്രേക്ഷകർ പ്രതീക്ഷിച്ചത് അത് തന്നെയാണ് ലഭിച്ചിരിക്കുന്നതും. പ്രണയവും ബന്ധങ്ങളുടെ ആഴവും മലയാളിയുടെ സ്വഭാവ സവിശേഷതകളും തുറന്ന് കാട്ടിയിരിക്കുകയാണ് ചിത്രം. കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി ശ്രീകുമാർ,ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ എംസി ജോസഫാണ്.
എൽദോയും ഭാര്യ എൽസിയും ബധിരരും മൂകരുമാണ്. ഹോസ്പിറ്റലിൽ അഡ്മിറ്റായ മകൾക്കൊപ്പം രണ്ടു ദിവസം ഉറക്കമിളച്ചിരുന്ന എൽദോ മെട്രോയിൽ വീട്ടിലേക്ക് തിരികെ പോകുന്നു. ക്ഷീണം കാരണം ഉറങ്ങി പോയ എൽദോയുടെ ചിത്രം സമീർ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയും ഫോട്ടോ വൈറൽ ആവുകയും ചെയ്യുന്നു. എന്നാൽ അത് രണ്ടു പേരുടെയും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിത്യവൃത്തിക്ക് വേണ്ടി കഷ്ടപ്പെടുന്ന പലരുടെയും ജീവിതങ്ങൾ കുട്ടിച്ചോറാക്കിയ ഫോട്ടോകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളവരാണ് നമ്മൾ. അത്തരം സംഭവങ്ങൾ മുന്നും പിന്നും നോക്കാതെ ഷെയർ ചെയ്യുന്നവർ പലപ്പോഴും സത്യാവസ്ഥ മനസ്സിലാക്കുന്നില്ല. വികൃതി തുറന്ന് കാട്ടുന്നതും ആ കാഴ്ചയാണ്. സോഷ്യൽ മീഡിയ ഉപയോഗത്തിൽ പാലിക്കേണ്ട ഒരു ധാർമികതയെയാണ് ചിത്രം ഓർമപ്പെടുത്തുന്നത്.
പ്രേക്ഷകരെ നിമിഷനേരം കൊണ്ട് പൊട്ടിച്ചിരിപ്പിക്കാനും പെട്ടെന്ന് തന്നെ കരയിപ്പിക്കാനുമുള്ള അസുലഭ വൈദഗ്ധ്യമുള്ള വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. ആക്ഷൻ ഹീറോ ബിജുവിൽ അതു പ്രേക്ഷകർ കണ്ടനുഭവിച്ചിട്ടുമുണ്ട്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത എൽദോയായി സ്ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോഴും ആ ഒരു കുറവിനെ ചിരിക്കാനുള്ള ഒരു കാരണമാക്കി ആരും മാറ്റുന്നില്ല എന്നത് ശ്രദ്ധേയമാണ്. സുരാജിനൊപ്പം തന്നെ കട്ടക്ക് നിൽക്കുന്ന പ്രകടനവുമായി മറ്റൊരു ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയുമുണ്ട്. ആദ്യപകുതിയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സൗബിൻ രണ്ടാം പകുതിയിൽ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ട്. പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാവുന്ന രണ്ടു കഥാപാത്രങ്ങളെയാണ് സുരാജും സൗബിനും ചേർന്ന് സമ്മാനിച്ചിരിക്കുന്നത്. നായിക നായകൻ ഫെയിം വിൻസിയും തന്റെ അരങ്ങേറ്റം മോശമാക്കിയിട്ടില്ല. മറീന മൈക്കിൾ കുരിശിങ്കൽ, ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ എന്നിങ്ങനെ എല്ലാവരും തന്നെ അവരുടെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയ ഉത്തരവാദിത്വത്തിന്റെ പ്ലാറ്റ്ഫോം കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്ന ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് പ്ലസ് പോയിന്റ്. അജീഷ് പി തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസഫ് വിജീഷ്, സനൂപ് എന്നിവരാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ആൽബിയുടെ ക്യാമറ കണ്ണുകൾ പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിച്ചപ്പോൾ ബിജിബാൽ ഒരുക്കിയ സംഗീതവും മികച്ചു നിന്നു. ആയൂബ് ഖാന്റെ എഡിറ്റിംഗും ആസ്വാദനത്തെ ഏറെ സ്വാധീനിച്ചു. തീയറ്ററുകളിൽ നിന്നും വികൃതി കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഷെയർ ചെയ്യുന്നതിന് മുൻപ് ഒരു വട്ടം കൂടി ഒന്നു ആലോചിക്കുമെന്ന് തീർച്ച.