വിനീത് ശ്രീനിവാസന് നായകനായി എത്തുന്ന മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ് പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. എഡിറ്റര്‍ കൂടിയായ അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ വ്യത്യസ്ത പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ചിത്രം റിലീസ് ചെയ്തപ്പോഴും ഇതേ അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നുയര്‍ന്നിരിക്കുന്നത്. മുകുന്ദന് ഉണ്ണിയായി വിനീത് ശ്രീനിവാസന് തിളങ്ങിയെന്ന് പ്രേക്ഷകര്‍ പറയുന്നു.
മുകുന്ദന് ഉണ്ണി തന്നെയാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. തന്റെ വക്കീല്‍ കരിയറില്‍ വലിയൊരു ഉയര്‍ച്ച സ്വപ്നം കണ്ട് നടക്കുന്ന ആളാണ് മുകുന്ദന് ഉണ്ണി. എന്നാല്‍ വിചാരിച്ച അത്ര എളുപ്പത്തില്‍ അയാള്‍ക്ക് വിജയം കണ്ടെത്താനായില്ല. ഇതിനിടെ ചൂഷണം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമാണ് ഭൂമിയിലുള്ളത് എന്ന് ‘മുകുന്ദന് ഉണ്ണി’ തിരിച്ചറിയുന്നു. ചൂഷണം ചെയ്യുന്ന വിഭാഗത്തില്‍ പെടാന്‍ ‘മുകുന്ദന് ഉണ്ണി’ തീരുമാനിക്കുന്നു. അത് മുകുന്ദന് ഉണ്ണിയുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. പതിവ് നായക സങ്കല്പങ്ങളെ പൊളിച്ചെഴുതുന്നതാണ് ചിത്രത്തിന്റെ ആഖ്യാനരീതി.
നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സംവിധാന സംരഭമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പിടാന്‍ അഭിനവ് സുന്ദര്‍ നായകിന് സാധിച്ചിട്ടുണ്ട്. കേവലം കഥ പറയുന്നതിന് പകരം പുത്തന്‍ ദൃശ്യാഖ്യാനം നിര്‍വഹിച്ചിരിക്കുകയാണ് അഭിനവ് സുന്ദര്‍ നായക്. ആനിമേഷന്റെയടക്കം സാധ്യതകള്‍ സ്വീകരിച്ചാണ് അഭിനവിന്റെ ചലച്ചിത്രാഖ്യാനം. വിനീത് ശ്രീനിവാസന് പുറമേ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. കഥാപാത്രത്തിന് കൃത്യമായ വ്യക്തിത്വം നല്കാന് പാകത്തിലുള്ളതാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം. തന്വി റാം, സുധി കോപ്പ, മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജഗദീഷ് തുടങ്ങിയവരും മികച്ചു നിന്നു. വിശ്വജിത്ത് ഒടുക്കത്തിലിന്റെ ഛായാഗ്രഹണവും സിബി മാത്യു അലക്സിന്റെ സംഗീതവും അഭിനവ് തന്നെ നിര്‍വഹിച്ച എഡിറ്റിംഗും എടുത്തുപറയേണ്ടതാണ്.