തമിഴിലെ മികച്ച ത്രില്ലറുകളിലൊന്ന് എന്ന ഗണത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് രാം കുമാര്‍ സംവിധാനം ചെയ്ത രാക്ഷസന് എന്ന ചിത്രം. വില്ലന്‍ കഥാപാത്രമായ സൈക്കോ കില്ലറുടെ കഥാപാത്രവും മികച്ച പ്രതികരണമാണ് നേടിയത്. തമിഴകത്ത് ഈ അടുത്ത് കാലത്ത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വില്ലനാണ് രാക്ഷസനിലെ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രം. അതുപോലെ തന്നെ ചിത്രത്തില്‍ ഏറെ വെറുപ്പും അരിശവും ഉളവാക്കിയ കഥാപാത്രമാണ് അധ്യാപകന് ഇമ്ബരാജ്. സിനിമ കണ്ടവര്‍ക്കാര്‍ക്കും ആ കഥാപാത്രത്തോട് ഒരു അരിശം തോന്നാതിരിക്കാന്‍ തരമില്ല. മലയാളിയായ വിനോദ് സാഗര്‍ ആണ് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്.
‘അച്ഛനും അമ്മയും മലയാളികളാണ്. മലയാളം വായിക്കാന്‍ അറിയില്ലെങ്കിലും നന്നായി സംസാരിക്കും. അച്ഛന്റെ നാട് കൊല്ലത്തും അമ്മയുടെ നാട് ഒറ്റപ്പാലത്തുമാണ്. രണ്ടു മൂന്നു തലമുറകളായി ഞങ്ങള്‍ തമിഴ്നാട്ടില്‍ തന്നെയാണ്. അച്ഛന് ആനന്ദന് ജ്യോത്സ്യന് ആയിരുന്നു. അമ്മ രമണി, ഒരു അനുജനുണ്ട്, മനോജ് സാഗര്‍. ഭാര്യ പ്രജിഷ കോഴിക്കോട്ടുകാരിയാണ്’ വിനോദ് പറയുന്നു.
ഡബ്ബിങ് ആർട്ടിസ്റ് ആയാണ് വിനോദ് സാഗർ സിനിമയിൽ എത്തിയത്. അതിനു മുന്‍പ് ദുബായില്‍ റേഡിയോ ഏഷ്യ എന്ന റേഡിയോ ചാനലില്‍ തമിഴ് അവതാരകൻ ആയും വിനോദ് ജോലി ചെയ്തിട്ടുണ്ട്.
രാക്ഷസൻ ഒരുക്കിയ സംവിധായകൻ റാം കുമാറിനോട് വിനോദ് ചോദിച്ചു വാങ്ങിയ കഥാപാത്രം ആണ് ഇമ്പരാജ് എന്ന വില്ലൻ. തനിക്കു ഇത് ചെയ്തു ഫലിപ്പിക്കാൻ പറ്റുമോ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സംശയം ഉണ്ടായിരുന്നു എങ്കിലും ഗംഭീരമായി തന്നെ ആ കഥാപാത്രം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിൽ ആണ് വിനോദ് സാഗർ.