തിയറ്ററുകളിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കിയതിന് ശേഷമാണ് അമൽ നീരദ് ചിത്രം ഭീഷ്മപർവം ഒ ടി ടിയിലേക്ക് എത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രിൽ ഒന്നിനാണ് ഭീഷ്മപർവം സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒ ടി ടിയിൽ റിലീസ് ചെയ്തതോടെ ചിത്രം കൂടുതൽ പേരിലേക്ക് എത്തി. ഇതോടെ സോഷ്യൽ മീഡിയയിൽ ഭീഷ്മപർവം സിനിമയിലെ ചില രംഗങ്ങളാണ് ചർച്ചയായിരിക്കുന്നത്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിൾ അപ്പനാണ്. ‘മൈക്കിളപ്പന്റെ കുസൃതി’കളെന്ന പേരിൽ വി കെ നവനീത് മേനോൻ സിനിഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
നവനീതിന്റെ കുറിപ്പ് ഇങ്ങനെ, ‘ഒരു പണിക്കും പോകാതെ പണ്ട് ചെയ്ത കൊലപാതകങ്ങളുടെ പേരും പറഞ്ഞ് വീട്ടിലുള്ളവരേയും പേടിപ്പിച്ച് ചുമ്മാ പുട്ടടിക്കുക. തേച്ചിട്ട് പോയ കാമുകിയുടെ ഭര്‍ത്താവ് മരിച്ച ശേഷം വീണ്ടും കാമുകിയുടെ വീട്ടിലേക്ക് കയറി റൊമാന്റിക് നമ്പറുകള്‍ ഇറക്കുക. വൈദികനായ പാവം അനിയന് ഭക്ഷണം കഴിക്കാനായി ടേബിളിന്റെ മുന്നില്‍ കയ്യും കഴുകി ഇരിക്കാന്‍ വരുമ്പോള്‍ അയാളെ ഇന്‍സള്‍ട്ട് ചെയ്ത് വിടുക. സ്വയം പണിക്കോ പോകില്ല, എന്നാല്‍ ബിസിനസ് ചെയ്ത് കുടുംബം പോറ്റാനായി വെമ്പല്‍ കൊള്ളുന്ന പാവം ചേട്ടന്റെ മക്കളെ അതില്‍ നിന്നും നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കുക. ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒരു ഗോഡൗണ്‍ കൊടുത്ത് അവിടെ ബിസിനസ് ചെയ്താല്‍ പച്ച പിടിക്കും എന്ന് പറഞ്ഞ് ഇന്നത്തെ യുവജനതയെ പറ്റിക്കുക. ചില്ലറ സംശയങ്ങളുടെ പേരില്‍ അളിയനെ വേറെ ഒരാളെ കൊണ്ട് കൊല്ലിച്ച് പെങ്ങളെ വിധവ ആക്കുക. ചേട്ടന്റെ മകന്റെ ഭാര്യയെ വിധവ ആക്കുക, അമ്മച്ചീടെ കൂടെ ഇരുന്ന് ഫോട്ടോ എടുക്കാനായി അമ്മച്ചീടെ അടുത്തിരുന്ന അനിയനെ അവിടെ നിന്ന് എഴുന്നേല്‍പ്പിച്ച്, വീട്ടില്‍ നിന്ന് പടി അടച്ച് പിണ്ഡം വെച്ച ചേട്ടത്തിയെ അവിടെ ഇരുത്തി ഫോട്ടോ ചാമ്പാന്‍ പറയുക. ഇങ്ങനെ എന്തൊക്കെയോ കുസൃതികളാണ് പുള്ളിക്ക്,’ – കുറിപ്പില്‍ പറയുന്നു.
ചിത്രത്തിന്റെ പേരിൽ പറയുന്നതു പോലെ മഹാഭാരതത്തിലെ ഭീഷ്മരുടെ റഫറൻസാണ് മമ്മൂട്ടിയുടെ മൈക്കിൾ. അമൽ നീരദ് മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബിഗ് ബി. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷമാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള അടുത്ത ചിത്രം അമൽ നീരദ് ഒരുക്കിയത്. ബിഗ് ബിയേക്കാൾ വലിയ ഓളമാണ് ഭീഷ്മപർവം ഉണ്ടാക്കിയത്. റിലീസ് ചെയ്ത ആദ്യവാരത്തിൽ തന്നെ ഭീഷ്മപർവം 50 കോടി ക്ലബിൽ പ്രവേശിച്ചിരുന്നു. തിയറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നും ആഗോളതലത്തിൽ 115 കോടി ഭീഷ്മുപർവം നേടിയിട്ടുണ്ട്.