അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കുമെല്ലാം ഇതോട് കൂടി അവസാനം കുറിച്ചിരിക്കുകയാണ്. തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിശാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അർജുൻ റെഡ്ഢി നടി അനീഷ അള്ളയാണ് വധു. “വളരെയധികം സന്തോഷമുണ്ട്. അവളുടെ പേര് അനീഷ അള്ള. അവൾ യെസ് പറഞ്ഞു. ഉറപ്പിച്ചു. എന്റെ ജീവിതത്തിലെ അടുത്ത ഏറ്റവും വലിയ മാറ്റം. തീയതി ഉടൻ അറിയിക്കുന്നതാണ്.” വിശാൽ ട്വിറ്ററിൽ കുറിച്ചു.
Yes.. happy. Too happy. Happiest. Her name s #AnishaAlla. And yes she said yes. And it’s confirmed. My next biggest transition in life.😬😬😬😬❤️❤️❤️😘😘😘 will be announcing the date soon. God bless. pic.twitter.com/NNF7W66T2h
— Vishal (@VishalKOfficial) January 16, 2019
ഒരു അസിസ്റ്റന്റ് ഡയറക്ടറായി സിനിമ ലോകത്തേക്ക് കടന്ന് വന്ന വിശാൽ ചെല്ലമേ എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആക്ഷൻ രംഗങ്ങളിലെ മികവ് തന്നെയാണ് വിശാലിന് കൂടുതൽ വിജയങ്ങൾ കൊണ്ടുവന്നത്. ചെന്നൈ ലയോള കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദം സ്വന്തമാക്കിയ വിശാൽ ‘വിശാൽ ഫിലിം ഫാക്ടറി’ എന്നൊരു പ്രൊഡക്ഷൻ ബാനറും സ്വന്തമായി നടത്തുന്നുണ്ട്. തമിഴ് സിനിമ സംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ പ്രസിഡന്റും കൂടിയാണ് വിശാൽ.
വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപുലു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ അനീഷ അള്ള സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഡിയിലും ഒരു മനോഹരമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽ ജനിച്ച അനീഷ ചിക്കാഗോയിലെ കൊളംബിയ കോളേജിൽ നിന്നും ഗ്രാജുവേഷനും കരസ്ഥമാക്കിയിട്ടുണ്ട്.