യുവനടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ചിത്രത്തിൽ ജോണി ആന്റണിയും വിഷ്ണുവിനൊപ്പം പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. വി സി അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.\
ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ ആണ് ചിത്രം നിർമിക്കുന്നത്. സിനിമ കാണാൻ എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ക്ഷണിച്ചിരിക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിഷ്ണു ഉണ്ണിക്കൃഷ്ണനും സംഘവും സ്കൂളിൽ എത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ചാണ് വിഷ്ണു സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും സിനിമ കാണാൻ ക്ഷണിച്ചത്. ‘ഭൂലോകത്തിന്റെ സ്പന്ദനം നിറഞ്ഞ ചിരിയിലാണെന്ന് എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കന്ററി സ്കൂൾ. നല്ല ഹാസ്യത്തിന്റെ ഫോർമുലയുമായി ആഗസ്റ്റ് 5ന് തിയേറ്ററുകളിലെത്തുന്ന സബാഷ് ചന്ദ്രബോസ് സിനിമ കാണാൻ എളങ്കുന്നപ്പുഴ ഗവ. ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളുമുണ്ടാകും, നിങ്ങളുമുണ്ടാകില്ലേ?’ – എന്നാണ് വീഡിയോ പങ്കുവെച്ച് വിഷ്ണു കുറിച്ചത്.
ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് സബാഷ് ചന്ദ്രബോസ് തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിലെ നായികയായി എത്തുന്നത് സ്നേഹ പാലിയേരി ആണ്. ധര്മ്മജന് ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, ഇര്‍ഷാദ്, സുധി കോപ്പ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി മോഹൻ, ഭാനുമതി പയ്യന്നൂർ, മുഹമ്മദ് എരവട്ടൂർ, ബാലു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ‘ഉണ്ട’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്.