യുവതാരം നിരഞ്ജ് മണിയന്‍പിള്ള നായകനായി എത്തിയ ചിത്രം വിവാഹ ആവാഹനം അവതരണം കൊണ്ടും ആശയം കൊണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. സാജന് ആലുംമൂട്ടില്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖം നിതാരയാണ് ചിത്രത്തിൽ നായിക. അജു വര്‍ഗീസ്, സുധി കോപ്പ, സാബുമോന്, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
രണ്ട് രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങളിലെ രണ്ട് ആത്മാക്കളുടെ പ്രണയം ആണ് ചിത്രം ചർച്ച ചെയ്യുന്നത്. സാധാരണ കമിതാക്കൾ വിവാഹിതരാകാൻ ആഗ്രഹിക്കുമ്പോൾ ഇവിടെ കമിതാക്കൾ അവരുടെ വിവാഹം മുടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ കാരണമാണ് സിനിമ പറയുന്നത്. സംവിധായകനും സംഗീത സേനനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും സംഭാഷണങ്ങളും ഒരുക്കിയത്. നിതാരയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ എഴുതിയത്.
ഛായാഗ്രഹണം വിഷ്ണു പ്രഭാകര്‍. ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ മിഥുന് ആര് ചന്ദ്, സാജന് ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഒരു അസാധാരണ വിവാഹം കൂടാൻ റെഡിയായിക്കോളൂ എന്ന് പറഞ്ഞാണ് വിവാഹ ആവാഹനം ട്രയിലർ എത്തിയത്. ആക്ഷേപഹാസ്യ ചിത്രമായി എത്തുന്ന വിവാഹ ആവാഹനം നിലവിലെ സാമൂഹിക സാഹചര്യത്തെയും രാഷ്ട്രീയ പാർട്ടികളെയും പരിഹസിക്കുന്നുണ്ട്. ചിത്രത്തിൽ അരുൺ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്. രണ്ടു പേരുടെ വിവാഹത്തിലേക്ക് സമൂഹത്തിലെ പല മിഥ്യാധാരണകളും കടന്നുവരുന്നത് സിനിമയിൽ കാണാം.