ഉണ്ണിമുകുന്ദന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ചിത്രമായിരുന്നു ബ്രൂസിലി. ഒരു മാസ് ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും ചിത്രമെന്നായിരുന്നു പ്രഖ്യാപനം. വൈശാഖായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ഉദയകൃഷ്ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചുവെന്ന വിവരമാണ് ലഭിക്കുന്നത്. ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം പുറത്തിറക്കി പ്രഖ്യാപിച്ച ചിത്രമാണ് ബ്രൂസിലി. ഒരു കയ്യില്‍ തോക്കുമായി നില്ക്കുന്ന ഉണ്ണി മുകുന്ദനായിരുന്നു പോസ്റ്ററില്‍. 25 കോടിയോളം മുടക്കി ഉണ്ണി മുകുന്ദന് തന്നെയായിരുന്നു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുമെന്ന് വിവരമുണ്ടായിരുന്നു.
ഉണ്ണിമുികുന്ദനും വൈശാഖും ആദ്യം ഒന്നിച്ച ചിത്രമായിരുന്നു മല്ലു സിംഗ്. ഉണ്ണിമുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു മല്ലു സിംഗ്. അതിനുശേഷം വൈശാഖുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബ്രൂസിലിക്കുണ്ടായിരുന്നു, സിനിമയില്‍ ഗംഭീര മേക്കോവറില്‍ ആയിരിക്കും ഉണ്ണിമുകുന്ദനെത്തുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു.