സല്യൂട്ട് സിനിമയുടെ ഒടിടി കരാര്‍ ആണ് ആദ്യം ഒപ്പുവച്ചതെന്ന് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ്. ഒടിടി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ ചിത്രം ഫെബ്രുവരി പതിനാലിന് മുന്‍പ് തീയറ്ററില്‍ റിലീസ് ചെയ്യാമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് കാര്യങ്ങള്‍ മാറ്റിമറിച്ചു. കൊവിഡ് സാഹചര്യത്തില്‍ സിനിമ തീയറ്ററില്‍ എത്തിക്കാന്‍ സാധിച്ചില്ല. മാര്‍ച്ച് 31ന് മുന്‍പ് ചിത്രം ഒടിടിയില്‍ എത്തിയില്ലെങ്കില്‍ അത് കരാര്‍ ലംഘനമാകും. അതുകൊണ്ടാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്നതെന്നും വേഫറര്‍ ഫിലിംസ് വക്താവ് പറഞ്ഞു.
സല്യൂട്ട് തീയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതും കരാര്‍ പാലിക്കാത്തതുമാണ് ദുല്‍ഖറിനെയും വേഫറര്‍ ഫിലിംസിനേയും വിലക്കാനുള്ള കാരണമെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളുന്നതാണ് വേഫറര്‍ ഫിലിംസിന്റെ പ്രതികരണം. സല്യൂട്ട് തുടക്കത്തില്‍ ഒടിടികള്‍ക്കായി നിര്‍മിച്ച ചിത്രമാണെന്നും വേഫറര്‍ പറയുന്നു. ഇതിനിടെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷത്തോടെ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് സാഹചര്യങ്ങളാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. കരാറില്‍ പറഞ്ഞ കാലയളവില്‍ സിനിമ തീയറ്ററുകളില്‍ റിലീസ് ചെയ്തില്ലെങ്കില്‍ ഒടിടി റിലീസിന് പോകുമെന്ന് തീയറ്റര്‍ ഉടമകളെ അറിയിച്ചിരുന്നതായും വേഫറര്‍ ഫിലിംസ് വക്താവ് ചൂണ്ടിക്കാട്ടുന്നു.
തീയറ്റര്‍ ഉടമകളുടെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. അവര്‍ എല്ലായ്പ്പോഴും തങ്ങള്‍ക്ക് പിന്തുണയാണ് നല്‍കിയിട്ടുള്ളത്. അവര്‍ തങ്ങളെ നിരോധിക്കാന്‍ തീരുമാനിച്ചാല്‍ എന്താണ് ചെയ്യാന്‍ കഴിയുക? മാര്‍ച്ച് 31ന് മുന്‍പ് റിലീസ് ചെയ്യണമെന്ന ഒടിടി പ്ലാറ്റ്ഫോം ആഗ്രഹിക്കുന്നത്. അവരുടെ തീരുമാനത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും വേഫറര്‍ ഫിലിംസ് പറയുന്നു.