ടോവിനോ തോമസ് നായകനായി എത്തിയ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിക്ക് ശേഷം തകർപ്പൻ ആക്ഷൻ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് എത്തുന്നു. ആർ ഡി എക്സ് എന്നാണ് ചിത്രത്തിന്റെ പേര്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിൽ നായകരായി എത്തുന്നത്. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബർട്ട് ഡോണി സേവ്യർ എന്നാണ് ആർ ഡി എക്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ദേശി സൂപ്പർഹീറോ കഥ പറഞ്ഞ മിന്നൽ മുരളി അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന R D X (റോബർട്ട് ഡോണി സേവ്യർ) എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്ന നഹാസ് ഹിദായത്ത് നവാഗതനാണ്.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ പ്രേക്ഷകപ്രിയ താരങ്ങൾ അണിനിരക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് റിപ്പോർട്ടുകൾ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പി ആർ ഒ – വാഴൂർ ജോസ്, ശബരി.