വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ പത്താം വർഷത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് സോഫിയ പോൾ. പ്രൊഡക്ഷൻ നമ്പർ 7 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് ആണ് നായകൻ. നവാഗതനായ അജിത്ത് മമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ ഡി എക്സിന് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് ഒരുക്കുന്ന ചിത്രമാണ് ഇത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സ്ഥാപിതമായിട്ട് ഇപ്പോൾ പത്തു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്.
അതേസമയം, ചിത്രത്തിന്റെ പൂജ ഇടപ്പള്ളി പാടിവട്ടത്തെ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നടന്നു. ആന്റണി വർഗീസ്, സോഫിയ പോൾ, സുപ്രിയ പൃഥ്വിരാജ് എന്നിവർ പൂജ ചടങ്ങിൽ പങ്കെടുത്തു. റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത്ത് മമ്പള്ളി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓണത്തിന് ആർ ഡി എക്സ് പോലെ ഒരു കിടിലൻ ഹിറ്റ് പ്രേക്ഷകർക്ക് സമ്മാനിച്ച സോഫിയ പോളിന്റെ അടുത്ത ചിത്രം എന്തായിരിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അതേസമയം, വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ആർ ഡി എക്സ് വമ്പൻ ഹിറ്റ് ആയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതുവരെ സ്വന്തമാക്കിയത് 80 കോടി രൂപയാണ്. ത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്ത് ആയിരുന്നു. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ആയിരുന്നു ആർ ഡി എക്സിന് തിരക്കഥ രചിച്ചത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി എന്നിവർ ആയിരുന്നു ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.