“ഞാനെന്തേ ചുവപ്പിനെ പ്രണയിച്ചത്? അതിനെ കൊതിച്ചത്? ഉദിക്കുന്ന സൂര്യനും പിനീടുദിക്കാനുറങ്ങാനലകടലി- ലൊളിക്കാനിറങ്ങുന്ന സൂര്യനും ചുവപ്പല്ലേ….. തൊടിയില്‍ ചിരിച്ച ചെത്തിയും ചെമ്പകവും ചെമ്പരത്തിയും ചുവപ്പയിരുന്നില്ലേ…. ഉടലെടുക്കാനുടവാളെടുത്താര്‍ക്കു- ന്നോരാകോലത്തിനും പിന്നെ കോമരത്തിനുമതേ നിറം – ചുവപ്പ്…. അവള് നീട്ടിയ മുള്ളുകളടര്‍ത്തിയ പനിനീരിനും എന്റെ ഹൃദയത്തിനുമൊരേ നിറമായിരുന്നു… ചുവപ്പ്….. ഇവയ്ക്കു മാത്രമല്ല, അഗ്നിയും അഗ്നിയായെന്നില്‍ ആളിപ്പടര്‍ന്ന നിന്റെ പ്രണയവും ചുവപ്പല്ലേ…? സമസ്താപരാധങ്ങളും ഉരുക്കിക്കളയുന്ന അഗ്നികുണ്ടത്തിനും ചുവപ്പ് നിറം….. ഭ്രമവും ഭ്രാന്തും കോപവും ചുവപ്പ് നിറം…. പ്രണയം ചുവപ്പ്…… സ്വപ്നങ്ങളില്‍ രൗദ്രതാളത്തിലാടുന്ന ദേവിയുടെയുടയാടയും ചുവപ്പ്….”
എവിടെയോ വായിച്ചു കേട്ട ചുവപ്പിന്റെ പല തലങ്ങളെ തൊടുന്നൊരീ കവിത പോലെ മനോഹരമാണ് ശ്രീജിത്ത് ദാമോദരൻ ഒരുക്കിയിരിക്കുന്ന വുമൺ ഇൻ റെഡ് എന്ന ഈ ഫിക്ഷനൽ ഫോട്ടോ സ്റ്റോറി. അകത്തളങ്ങളിൽ അടച്ചിട്ട അടിമജന്മങ്ങളല്ല സ്ത്രീയെന്ന സത്യം വിളിച്ചോതുന്നതോടൊപ്പം അവളിലെ രൗദ്രത്തെയും പകയേയും അതിന്റെ പൂർണതയിൽ തൊട്ടറിഞ്ഞ ക്ലിക്കുകൾ കൂടിയാണ് ഓരോന്നും.
എഞ്ചിനീയറിംഗ് കരിയർ ഉപേക്ഷിച്ച് ഫോട്ടോഗ്രാഫി കരിയറിലേക്ക് ചുവട് മാറ്റിയ ശ്രീജിത്തിന് മുന്നിലുള്ള വെല്ലുവിളികൾ ചെറുതായിരുന്നില്ല. എന്നാൽ ആ വെല്ലുവിളികളെ തരണം ചെയ്ത ശ്രീജിത്ത് ഇന്ന് മൾട്ടി നാഷണൽ കമ്പനികളുടെ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഭാഗമാണ്. മനുഷ്യ ജീവിതത്തിനോട് ഏറെ ബന്ധപ്പെട്ടു കിടക്കുന്ന കലകളുടെയും സംസ്കാരത്തിന്റെയും നേർകാഴ്ചകളാണ് ശ്രീജിത്തിന്റെ ഓരോ ചിത്രങ്ങളും. മലബാർ മേഖലയിൽ കണ്ടു വരുന്ന തെയ്യത്തിനെ ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയാണ് അദ്ദേഹം ഇപ്പോൾ.