നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞയിടെ ആയിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത് എത്തിയത്. ഇതിനെ തുടർന്ന് ദിലീപിന് എതിരെ വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉൾപ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ദിലീപിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. പത്തു വർഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളി ക്യാമറയിൽ പകർത്തി ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്. ഇയാളുടെ കൈയിൽ പെൻക്യാമറ അടക്കമുള്ള സാധനങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിക്കുന്നു. ഇതിനെതിരെ താൻ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാൽ ആത്മഹത്യ ചെയ്യേണ്ടി വരും എന്നതു കൊണ്ടാണെന്നും യുവതി പറഞ്ഞു. ഭാരത് ലൈവ് ന്യൂസ് എന്ന യുട്യൂബ് ചാനലിനോടാണ് യുവതി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.