പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ജയ ജയ ജയ ജയ ഹേ സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യഷോ മുതൽ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അറേഞ്ച്ഡ് മാര്യേജിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും ഭർത്തൃവീട്ടിൽ ഒരു പെൺകുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ജയ ജയ ജയ ജയ ഹേയിൽ. സിനിമ കണ്ടിറങ്ങിയ എഴുത്തുകാരൻ ബെന്യാമിൻ ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് എതിരെ കേസ് എടുക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. സിനിമ കണ്ട് ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരുമെന്നും ബെന്യാമിൻ ചോദിക്കുന്നു.
‘ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും. എന്തായാലും തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ. സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ’ – ബെന്യാമിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അജു വര്‍ഗീസ്, സുധീര്‍ പരവൂര്‍, അസീസ് നെടുമങ്ങാട്, മഞ്ജുപിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിയേര്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ്. ബബ്ലു അജു ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. അങ്കിത് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് സ്റ്റണ്ട് മാസ്റ്റര്‍ ഫെലിക്സ് ഫുകുയോഷി റുവേ ആണ്.