പ്രശാന്ത് നീല്‍ ഒരുക്കിയ കെജിഎഫ് 2 രാജ്യത്താകെ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഇപ്പോഴിതാ കെജിഎഫ് 2 ന് ഇന്ന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. 14.50 കോടിയാണ് ചിത്രത്തിന് ആദ്യ തിങ്കളാഴ്ച ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് എന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മാത്രം കണക്കാണ് ഇത്.
ഏപ്രില്‍ പതിനാലിനായിരുന്നു കെജിഎഫ് 2 ലോകമെമ്പാടും തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ഭാഗത്തെ അപേക്ഷിച്ച് വന്‍ വിജയം കൊയ്യുകയാണ് രണ്ടാം ഭാഗം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ എല്ലാം ചേര്‍ന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 240 കോടിയാണ്. അതേസമയം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 400 കോടി പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം വൈകാതെ ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകള്‍.
കെജിഎഫ് ആദ്യ ഭാഗത്തിന് സമാനമായി യാഷാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഠന്, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്സ്, ടി എസ് നാഗഭരണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.