സമുന്നതനായ ഒരു നേതാവിന്റെ ജീവിതം സിനിമയാക്കുന്നതിൽ വെല്ലുവിളികൾ ഏറെയാണ്. ഒന്നാമതായി ചെയ്യുന്ന ചിത്രവും യഥാർത്ഥ ജീവിതവും തമ്മിലുള്ള ഗാഢമായ സമാനത നിലനിർത്തുക എന്നത് തന്നെയാണ് ഏറെ കഠിനം. ആന്ധ്ര പ്രദേശിന്റെ മുൻ മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം സിനിമയാക്കുമ്പോൾ സംവിധായകൻ മഹി വി രാഘവിന്റെ മുന്നിലുള്ള വെല്ലുവിളിയും അത് തന്നെയായിരുന്നു. മമ്മൂട്ടിയെ പോലൊരു നടനെ നായകവേഷത്തിലേക്ക് പരിഗണിക്കുമ്പോഴും ചിത്രത്തിന്റെ റീച്ച് എത്രയാക്കണം എന്നു മുൻപേ ഒരു ഉദ്ദേശ്യമുണ്ടായിരുന്നിരിക്കണം. യാത്ര അതിന്റെ ലക്ഷ്യ സ്ഥാനത്ത് തന്നെ എത്തിച്ചേർന്നോ എന്നു നമുക്ക് നോക്കാം.
YSRനെ ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ച 2003ലെ ഒരു വലിയ കാൽനട യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവനായി കാണിക്കാതെ ഒരു സംഭവത്തെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രമെടുത്തിരിക്കുന്നത്. YSR എന്ന രാഷ്ട്രീയക്കാരനെക്കാൾ YSR എന്ന വ്യക്തിയെ കാണിച്ചു തരുവാനാണ് സംവിധായകൻ ഏറെയും ശ്രമിച്ചിരിക്കുന്നതും. പക്ഷേ ചിത്രത്തെ പുറകോട്ടു വലിക്കുന്ന ഒരു കാരണം എന്താണെന്ന് വെച്ചാൽ ഇതിന്റെ ഒരു ഡോക്യുമെന്ററി സ്റ്റൈലിൽ ഉള്ള അവതരണമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പുറത്തിറക്കുന്ന ചില പ്രകടന പത്രികകൾ പോലെയാണ് പ്രേക്ഷകന് സിനിമ കാണുവാൻ തോന്നുകയുള്ളൂ. നായകനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു എന്നത് തന്നെയാണ് യാത്രയുടെ ഏറ്റവും വലിയൊരു നേട്ടം. മമ്മൂട്ടിയുടെ അഭിനയമികവ് ഒരിക്കൽ കൂടി പ്രേക്ഷകന് കാണാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അനുകരണത്തേക്കാൾ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ആ കഥാപാത്രമായി തന്നെ ജീവിക്കുകയാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. ഡയലോഗ് ഡെലിവറി പ്രശ്നമാകുമെന്ന് ഭയന്നത് പോലും നിഷ്പ്രഭമാക്കുവാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്തായാലും മമ്മൂക്കയുടെ മറ്റൊരു മനോഹരമായ പ്രകടനം കൂടി കാണാൻ സാധിച്ച സന്തോഷത്തിലാണ് പ്രേക്ഷകർ.
മെല്ലെ പോകുന്ന കഥ പറച്ചിൽ വേഗം പ്രാപിക്കുന്നത് യാത്രയുടെ ആരംഭത്തോടെയാണ്. പിന്നീട് പ്രേക്ഷകന് ആസ്വാദനത്തിന്റെ നിറഞ്ഞ തലത്തിൽ തന്നെ നിന്ന് സഞ്ചരിക്കാവുന്ന ഒരു വേഗമാണ് ചിത്രത്തിനുള്ളത്. രണ്ടാം പകുതിയിലും ആ വേഗം നിലനിർത്തുകയും യഥാർത്ഥ ജീവിതത്തിൽ നിന്നുമുള്ള വീഡിയോകളുമായി ക്ലൈമാക്സ് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു ഇലക്ഷൻ പ്രചാരണത്തിന് വേണ്ടി മാത്രമുള്ള ഒരു ചിത്രമായി തീർന്നോ യാത്ര എന്ന സംശയവും ബാക്കി നിർത്തിയാണ് ചിത്രം അവസാനിക്കുന്നത്. ചിത്രത്തിന്റെ ഗതിക്ക് അനുസരിച്ച് തന്നെ സഞ്ചരിക്കുന്ന ഗാനങ്ങളും ഛായാഗ്രഹണവും ചിത്രത്തെ ഏറെ പിന്തുണച്ചിട്ടുണ്ട്. ശക്തമായ ചില സംഭാഷണങ്ങൾ കൊണ്ട് തിരക്കഥയും അതിന്റെ മൂല്യം നിലനിർത്തി. മമ്മൂക്ക എന്ന നടന്റെ മികച്ച പ്രകടനം കാണാൻ സാധിക്കുമെങ്കിലും യാത്ര അതിന്റെ ലക്ഷ്യത്തിൽ എത്തിച്ചേർന്നോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകർ തന്നെയാണ്.