റിലീസിന് മുമ്പ് തന്നെ വിവാദത്തിൽ അകപ്പെട്ടു പോയ സിനിമയാണ് ദ കേരള സ്റ്റോറി. ബംഗാളി സംവിധായകനായ സുധിപ്തോ സെൻ ഒരുക്കിയ സിനിമയ്ക്ക് ഇതിനകം തന്നെ തമിഴ് നാട്ടിലും ബംഗാളിലും വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞു. അതേസമയം, ബംഗാളിൽ സിനിമയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ സുപ്രീം കോടതിയെ സമീപിക്കുകയാണ്.
ഇതിനിടെ കേരള സ്റ്റോറി സിനിമയെ നികുതിയിൽ നിന്ന് ഒഴിവാക്കിയതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കഴിഞ്ഞവർഷം ദ കേരള സ്റ്റോറിയുടെ ടീസർ റിലീസ് ആയതിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനിടയിലാണ് ദ കേരള സ്റ്റോറി സിനിമയ്ക്ക് നികുതിയിൽ നിന്ന് യുപി സർക്കാർ ഇളവ് നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം യോദി ആദിത്യനാഥ് നടത്തിയത്. ട്വിറ്ററിൽ ഹിന്ദിയിൽ പങ്കുവെച്ച ട്വീറ്റിലാണ് ദ കേരള സ്റ്റോറി സിനിമയ്ക്ക് നികുതി ഒഴിവാക്കിയ വിവരം യു പി മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അണിയറപ്രവർത്തകർക്കുമായി ദ കേരള സ്റ്റോറിയുടെ സ്പെഷ്യൽ സ്ക്രീനിംഗ് ഉടനെ തന്നെ നടത്തും.
‘The Kerala Story’ उत्तर प्रदेश में टैक्स फ्री की जाएगी।
— Yogi Adityanath (@myogiadityanath) May 9, 2023