മിമിക്രി രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് കടന്ന് വന്ന് പ്രേക്ഷകഹൃദയങ്ങൾ കവർന്ന നടനാണ് കലാഭവൻ ഷാജോൺ. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്ന ഷാജോണിന് ദൃശ്യം, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ ചിതങ്ങളിലെ വില്ലൻ വേഷം കരിയറിൽ ഒരു വമ്പൻ മാറ്റമാണ് കൊണ്ട് വന്നത്. പൃഥ്വിരാജ് നായകനായ ബ്രദേഴ്സ് ഡേയിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുവാനുള്ള തയ്യാറെടുപ്പുകളിലാണ്.
അതിനിടയിലാണ് താരവും കുടുംബവും കോൺഗ്രസ് പാർട്ടിയിൽ ചേർന്നുവെന്നൊരു വാർത്ത പുറത്തുവന്നത്. ധർമജൻ, രമേഷ് പിഷാരടി തുടങ്ങിയ കലാകാരന്മാരും കോൺഗ്രസിന്റെ ഭാഗമായിരുന്നു. എന്നാൽ കലാഭവൻ ഷാജോൺ താൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. “ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്” എന്നാണ് അദ്ദേഹം കുറിച്ചത്.