കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് നടന് ജയസൂര്യ. ഹാങ്ങ് തെം എന്ന പ്ലക്കാർഡുമായി മകളോട് ഒപ്പം നിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ജയസുര്യ തന്റെ പ്രതികരണം അറിയിച്ചത്.നവമാധ്യമങ്ങളിൽ കൂടിയായിരുന്നു ജയസൂര്യയുടെ പ്രതികരണം.
മലയാളത്തില്‍ നിന്നും ടൊവിനോ തോമസാണ് സംഭവത്തില്‍ ആദ്യം ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടി പാര്‍വ്വതിയും രംഗത്തെത്തി. നടി മഞ്ജു വാര്യരും സംഭവത്തെ അപലപിച്ചു. സംഭവത്തെ അപലപിച്ച് ബോളിവുഡും കായികലോകത്തേയും പ്രശസ്തര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍, സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി.
എട്ടു വയസുകാരിയുടെ കൊലപാതകത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി പേര് രംഗത്തെത്തിയത്.
ബോളിവുഡ് താരങ്ങളായ ഫര്ഹാന് അക്തര്‍, സോനം കപൂര്‍, റിതേഷ് ദേശ്മുഖ്, കല്‍ക്കി കൊച്ചെയ്ന്, ദിയ മിര്‍സ, അര്ജുന് കപൂര്‍, ബൊമ്മന് ഇറാനി, ഹുമ ഖുറൈഷി, റിച്ച ചദ്ധ, സ്വര ഭാസ്കര്‍, ആയുഷ്മാന്‍ ഖുറാന, രേണുക ഷഹാനെ, ടിസ്ക ചോപ്ര എന്നിവര്‍ ഞെട്ടലും അമര്‍ഷവും പ്രകടിപ്പിച്ചു. കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, വിരേന്ദര്‍ സെവാഗ്, ഹന്‍സല്‍ മെഹ്ത എന്നിവരും പ്രതികരിച്ചു. ചേതന്‍ ഭഗത് അടക്കമുളള എഴുത്തുകാരും സംഭവത്തെ അപലപിച്ചു. ആസിഫയെ മനുഷ്യകുഞ്ഞായി കാണാൻ നമ്മൾ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു. അവൾക്ക് നീതി നിഷേധിക്കപ്പെടരുതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ ആദ്യമായാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രിസഭയിൽനിന്നൊരാൾ പ്രതികരണം നടത്തുന്നത്.